പഞ്ചാബിൽ പൊലീസുകാർക്ക് നേരെ ആക്രമണം; ഉദ്യോഗസ്ഥന്റെ കൈ വെട്ടി, 7 പേർ അറസ്റ്റിൽ
ആയുധധാരികളായ അഞ്ചംഗ സംഘമാണ് പൊലീസിന് നേരെ ആക്രമണം നടത്തിയത്. ഒരു ഗുരുദ്വാരയിൽ നിന്ന് ഏഴ് പേരെ അറസ്റ്റ് ചെയ്തതായിട്ടാണ് വിവരം.
പട്യാല: വുഹാനിലെ കോറോണ വൈറസ് ചൈനയിലെ വൻ മതിലും താണ്ടി ഇന്ത്യയിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുമ്പോൾ കൂടുതൽ ആളുകളിലേക്ക് രോഗം പടരാതിരിക്കാൻ വേണ്ടി പ്രധാനമന്ത്രി രാജ്യത്ത് 21 ദിവസത്തെ lock down പ്രഖ്യാപിച്ചിരുന്നു.
ഇതിനിടയിൽ lock down ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത പൊലീസുകാരന്റെ കൈ വെട്ടി. ആയുധധാരികളായ അഞ്ചംഗ സംഘമാണ് പൊലീസിന് നേരെ ആക്രമണം നടത്തിയത്. പട്യാലയിൽ ഇന്ന് രാവിലെ 6:15 ഓടെയായിരുന്നു സംഭവം.
ഇവർ സഞ്ചരിച്ചിരുന്ന വാഹനം മാണ്ഡിയിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥർ തടയുകയും കർഫ്യൂ ആയതിനാൽ യാത്രക്ക് ആവശ്യമായ പാസ് ചോദിക്കുകയും ചെയ്തതോടെയാണ് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൈയ്ക്ക് വെട്ടേൽക്കുകയും മറ്റ് മൂന്നു പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിറ്റുണ്ട്. വാളുകൊണ്ടുള്ള വെട്ടേറ്റ് പൊലീസുകാരന്റെ കൈപ്പത്തി അറ്റുവെന്നാണ് റിപ്പോർട്ട്. ഇദ്ദേഹത്തെ രാജേന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു.
'നിഹംഗ്' എന്ന സിഖ് വിഭാഗമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് സൂചന. ആക്രമണത്തിന് ശേഷം സംഘം കടന്നു കളഞ്ഞു. ശേഷം ഒരു ഗുരുദ്വാരയിൽ നിന്ന് ഏഴ് പേരെ അറസ്റ്റ് ചെയ്തതായിട്ടാണ് വിവരം.
കൊറോണ വൈറസ് പടരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമ്പോഴാണ് ഇത്തരം ക്രൂരമായ ഒരു സംഭവം അരങ്ങേറിയിരിക്കുന്നത്.