ന്യൂഡല്‍ഹി: റാഫേല്‍ ഇടപാട് സംബന്ധിച്ച് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തെറ്റിദ്ധാരണജനകമെന്ന് പ്രതിരോധ മന്ത്രാലയം. റാഫേല്‍ ഇടപാട് പാര്‍ലമെന്‍റില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് വിശദീകരണവുമായി മന്ത്രാലയം എത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുപ്പത്തിയാറ് റാഫേല്‍ ജറ്റ് വിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് ഫ്രാന്‍സുമായി കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തെറ്റിദ്ധരാണ പരത്തുന്നതിന് കാരണമാകും. ദേശീയ സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ ഇത്തരം ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നത് പ്രതിഛായ തകരുന്നതിന് കാരണമാകുമെന്ന് പ്രതിരോധമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 


കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തായിരുന്നു ഇടപാട് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നത്.  വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ എണ്ണത്തില്‍ വലിയ ഇടിവ് സംഭവിച്ച പശ്ചാത്തലത്തില്‍ 2012ല്‍ അന്നത്തെ പ്രതിരോധമന്ത്രിയാണ് 126 ജറ്റ് വിമാനങ്ങള്‍ വാങ്ങുന്നതിന് അദ്ദേഹത്തിന്‍റെ വീറ്റോ അധികാരം പ്രയോജനപ്പെടുത്തി തീരുമാനം എടുത്തതെന്നും മന്ത്രാലയം വ്യക്തമാക്കി. 


റാഫേല്‍ ഇടപാട് സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രതിരോധമന്ത്രി വിസമ്മതിച്ചതാണ് വിഷയം വീണ്ടും വിവാദമായത്. എത്ര കോടി രൂപയ്ക്കാണ് കരാറിലേര്‍പ്പെട്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ തുക വെളിപ്പെടുത്താനാവില്ലെന്നായിരുന്നു പ്രതിരോധമന്ത്രിയുടെ മറുപടി.