ന്യൂഡല്‍ഹി: റാഫേല്‍ ഇടപാട് സംബന്ധിച്ച ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അനില്‍ അംബാനിയുടെ വക കത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ റാഫേല്‍ ഇടപാട് കോണ്‍ഗ്രസ്‌ ആയുധമാക്കിയപ്പോഴാണ് അനില്‍ അംബാനി ഈ കത്തെഴുതുന്നത്. 12 ഡിസംബര്‍ 2017ന് എഴുതിയ രണ്ട് പേജുള്ള കത്തിന്‍റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 


അംബാനിയുടെ കത്തില്‍ ഫ്രഞ്ച് ഗ്രൂപ്പ് റിലയന്‍സിനെ പ്രാദേശിക പങ്കാളിയായി തെരഞ്ഞെടുത്തതിന് കാരണം വ്യക്തമാക്കുന്നുണ്ട്, കൂടാതെ റിലയന്‍സിന് കരാര്‍ ലഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്‍റെ സഹായം ലഭിച്ചുവെന്ന ആരോപണം തള്ളിക്കളയുന്നുമുണ്ട്.


കൂടാതെ, റാഫേല്‍ ഇടപാടില്‍ കരാറിലെത്തിയത് രണ്ട് കമ്പനികളും ചേര്‍ന്നാണെന്നും കത്തില്‍ പറയുന്നുണ്ട്. മാത്രമല്ല, ഫൈറ്റർ ജെറ്റ് ഇടപാടിന് സഹകരിക്കാനുള്ള അനുഭവ സമ്പത്ത് റിലയന്‍സ് ഗ്രൂപ്പിനില്ലെന്ന വിമര്‍ശനവും അംബാനി കത്തില്‍ നിഷേധിച്ചു. അനുഭവ സമ്പത്തുണ്ടെന്നു മാത്രമല്ല, പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രൂപ്പാണ് ഞങ്ങളുടേതെന്നും ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം ഉള്ളത് റിലയന്‍സ് ഡിഫന്‍സ് വിഭാഗത്തിനാണെന്നും കത്തില്‍ അംബാനി ഓര്‍മിപ്പിച്ചു. 


കൂടാതെ, സ്വകാര്യമേഖലയില്‍ വലിയ തുറമുഖമുള്ള ഉള്ള കമ്പനി, 5 നേവല്‍ ഓഫ് ഷോര്‍ പെട്രോള്‍ വെസല്‍സ്, ഇന്ത്യന്‍ തീരദേശ സുരക്ഷയ്ക്കായുള്ള 14 അതിവേഗ പെട്രോള്‍ വെസല്‍സ് എന്നിവയുടെ നിര്‍മ്മാണത്തിലെ പങ്കാളിത്തം തുടങ്ങിയവ ഫ്രഞ്ച് ഗ്രൂപ്പ് പങ്കാളിയായി തിരഞ്ഞെടുത്തതിന് യോഗ്യതയായി അനില്‍ അംബാനി കത്തില്‍ ചൂണ്ടിക്കാട്ടി. 


തന്‍റെ കത്തില്‍ ഗാന്ധി കുടുംബവുമായി തങ്ങള്‍ക്കുള്ള ബന്ധം സൂചിപ്പിക്കാനും അദ്ദേഹം മറന്നില്ല. കാലങ്ങളായി തന്‍റെ കുടുംബവും ഗാന്ധി കുടുംബവും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്ന് പറഞ്ഞ അദ്ദേഹം, കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രമുഖ സ്ഥാനത്തുള്ള ചിലര്‍ നടത്തിയ പ്രസ്താവനകള്‍ ഏറെ വേദനിപ്പിച്ചതായും കത്തില്‍ സൂചിപ്പിച്ചു. 
 
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് റാഫേല്‍ ഇടപാടില്‍ റിലയന്‍സിന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും പങ്കാളിത്തം കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ശക്തമായി ഉന്നയിക്കുകയും പ്രധാനമന്ത്രിയോട് മറുപടി പറയാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.


നിരവധി തവണ ഇതേ ആവശ്യം പാര്‍ലമെന്‍റിലും ഉന്നയിച്ചിരുന്നു. ഒരു പ്രമുഖ വ്യവസായിക്കുവേണ്ടി സര്‍ക്കാര്‍ റാഫേല്‍ കരാറില്‍ മാറ്റം വരുത്തിയെന്ന് കോണ്‍ഗ്രസ്‌ കഴിഞ്ഞ ദിവസ൦ ലോക്‌സഭയില്‍ ആരോപിച്ചിരുന്നു.