ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനില്ലെന്ന കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ നടത്തിയ വിശദീകരണം അസത്യമാണെന്നും ഇടപാടില്‍ രഹസ്യസ്വഭാവമില്ലെന്നും മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്‍റണി. 


COMMERCIAL BREAK
SCROLL TO CONTINUE READING

2008ലാണ് ഫ്രാന്‍സും ഇന്ത്യയും രഹസ്യധാരണ കരാറില്‍ ഒപ്പുവച്ചത്. എന്നാല്‍, റാഫേല്‍ ഇടപാട് നടക്കുന്നത് 2012ലാണ് അതിനാല്‍ ഈ ഇടപാടിന് രഹസ്യധാരണ കരാര്‍ ബാധകമല്ല.  റാഫേല്‍ ഇടപാടില്‍ രഹസ്യസ്വഭാവമില്ല, അതിനാല്‍ പ്രധാനമന്ത്രിയുടെ നടപടിയില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


 2008ല്‍ യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് ഫ്രാന്‍സുമായി ഒപ്പിട്ട കരാറില്‍ വില പുറത്ത് വിടുന്നതിന് വിലക്കുന്ന വ്യവസ്ഥയുണ്ടെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത് കള്ളമാണെന്നും എ.കെ ആന്‍റണി പറഞ്ഞു. റാഫേല്‍ ഇടപാടിനെ കുറിച്ച്‌ വ്യാജ പ്രസ്‌താവന നടത്തി പ്രതിരോധ മന്ത്രിയും മോദിയും പാര്‍ലമെന്‍റിനെയും രാജ്യത്തേയും തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. 


സുരക്ഷാകാര്യ മന്ത്രിതല സമിതിയെ പോലും മറികടന്നാണ് ഇടപാട് സ്വകാര്യ കമ്പനിയ്ക്ക് കൈമാറാന്‍ സ്വന്തം നിലയില്‍ മോദി തീരുമാനിച്ചത്. ഇതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും 2008 ഫ്രാന്‍സുമായി പ്രതിരോധ മേഖലയില്‍ ഒപ്പിട്ട കരാര്‍ ആണ് ബി.ജെ.പി സഭയില്‍ ഹാജരാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മൂന്നിരട്ടി വിലയ്‌ക്കാണ് വിമാന ഇടപാട് നടത്തിയത്. 526 കോടിയില്‍ നിന്ന് 1,690 കോടി രൂപയായി ഉയര്‍ന്നു. ഇടപാട് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പുറത്ത് വിടണമെന്ന് സംയുക്ത സമ്മേളനത്തില്‍ ആന്‍റണിയും ആനന്ദ് ശര്‍മ്മയും ആവശ്യപ്പെട്ടു.