ആഗ്ര: മുസ്ലീം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മന്ത്രി രഘുരാജ് സിംഗ്. ബുര്‍ഖ ധരിക്കുന്നത് ശൂര്‍പണഖയുടെ പിന്‍ഗാമികളാണെന്നാണ് രഘുരാജ് സിംഗ് പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തീവ്രവാദികള്‍ ബുര്‍ഖയെ മറയായി ഉപയോഗിക്കുന്നുവെന്നും ബുര്‍ഖ നിരോധിക്കണമെന്നും രഘുരാജ് സിംഗ് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടന്നതിനാല്‍ അവിടെ ബുര്‍ഖ നിരോധിച്ചുവെന്നും മന്ത്രി അവകാശപ്പെട്ടു.


ആഗ്രയിലെ ഷാഹ്ജമാല്‍ പരിസരത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന സ്ത്രീകളെ മുന്‍ നിര്‍ത്തിയായിരുന്നു രഘുരാജ് സിംഗിന്റെ അധിക്ഷേപ പരാമര്‍ശം. 


ബുര്‍ഖ വരുന്നത് അറബ് ലോകത്ത് നിന്നാണെന്നും ഭഗവാന്‍ ലക്ഷ്മണന്‍ ശൂര്‍പണഖയുടെ ചെവിയും മൂക്കും മുറിച്ചതിനാലാണ് അവര്‍ തന്റെ മുഖം മറയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


രാക്ഷസന്റെ പിന്‍ഗാമികള്‍ മാത്രമേ ബുര്‍ഖ ധരിക്കൂവെന്നും സാധാരണ മനുഷ്യര്‍ ബുര്‍ഖ ധരിക്കില്ലെന്നും രഘുരാജ് സിംഗ് പറഞ്ഞു.രാജ്യത്തെ സര്‍ക്കാരിനോട് ബുര്‍ഖ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


നമ്മുടെ രാജ്യത്തേക്ക് തീവ്രവാദ ശക്തികള്‍ വരുന്നത് ബുര്‍ഖ ധരിച്ചുകൊണ്ടാണെന്നും രഘുരാജ് സിംഗ് പറഞ്ഞു. 


മോഡിക്കും യോഗിക്കുമെതിരെ പ്രതിഷേധിക്കുന്നവരെ പച്ചയ്ക്ക് കത്തിക്കണമെന്ന പ്രസ്താവനയിലൂടെ വിവാദത്തിലായ നേതാവാണ് രഘുരാജ് സിംഗ്.


എന്നാല്‍, രഘുരാജ് സിംഗിന്റെ ഈ പ്രസ്താവനയ്ക്കെതിരെ യുപി ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.