കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും രാഹുല്‍ ഗാന്ധി?
കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തുമെന്ന് സൂചന നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.
കോഴിക്കോട്: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തുമെന്ന് സൂചന നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.
വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ മടിയുള്ള നേതാവല്ല രാഹുലെന്നും കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് അദ്ദേഹമെന്നും വേണുഗോപാല്‍ പറഞ്ഞു.
രാഹുല്‍ ഉടന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന്‍റെ എല്ലാ സംസ്ഥാന ഘടകങ്ങളും രാഹുലിന്റെ തിരിച്ചു വരവ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടാണ് 2019 ജൂലൈ മൂന്നിന് രാഹുല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജി വച്ചത്.
തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് പാര്‍ട്ടിയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് താന്‍ രാജി സമര്‍പ്പിക്കുന്നത്. -രാഹുല്‍ അന്ന് തന്‍റെ ട്വീറ്റില്‍ പറഞ്ഞിരുന്നു.
പുതിയ അദ്ധ്യക്ഷനെ രാഹുല്‍ നാമനിര്‍ദേശം ചെയ്യണമെന്ന് പല നേതാക്കളും ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ശരിയാകില്ലെന്ന് പറഞ്ഞ് രാഹുല്‍ ഒഴിഞ്ഞുമാറി.
പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ കോണ്‍ഗ്രസ് വര്‍ക്കി൦ഗ് കമ്മിറ്റി പുതിയ അദ്ധ്യക്ഷനെ തീരുമാനിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
എന്നാല്‍, പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനാവാതെ കോണ്‍ഗ്രസ് അനിശ്ചിതത്വത്തില്‍ തുടരുകയായിരുന്നു. തുടര്‍ന്ന്, ഓഗസ്റ്റ് പത്തിന് കോണ്‍ഗ്രസിന്‍റെ ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു.
19 വര്‍ഷം കോണ്‍ഗ്രസിനെ നയിച്ച സോണിയ 2017 ഡിസംബറിലാണ് പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. എഴുപത്തിരണ്ടുകാരിയായ സോണിയ ഗാന്ധി ആരോഗ്യപരമായ കാരണങ്ങള്‍ പറഞ്ഞായിരുന്നു സ്ഥാനത്തു നിന്നു മാറിയത്.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണരംഗത്തുണ്ടായിരുന്നില്ലെങ്കിലും കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ സജീവസാന്നിധ്യമായിരുന്നു.
തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഏറ്റുമുട്ടാന്‍ വിവിധ പാര്‍ട്ടി നേതാക്കളുമായുള്ള സഖ്യചര്‍ച്ചകളിലും സോണിയ ഇടപെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.