സൂറത്ത്/ഡല്‍ഹി: മോദി സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടി ശിക്ഷിച്ചിരിക്കുകയാണ്. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമ പ്രകാരം ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധിയ്ക്ക് സ്ഥാനം നഷ്ടപ്പെടും. വയനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായ രാഹുല്‍ ഗാന്ധിയ്ക്ക് എംപി സ്ഥാനം നഷ്ടപ്പെടുമോ എന്നാണ് ഇപ്പോഴുയരുന്ന ചോദ്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

ശിക്ഷ വിധിച്ചെങ്കിലും ഉടനടി തന്നെ അദ്ദേഹത്തിന് ജാമ്യവും അനുവദിച്ചിട്ടുണ്ട് സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. കേസില്‍ മേല്‍ക്കോടതിയെ സമീപിക്കാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് 30 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. അതായത്, ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് തടഞ്ഞുവച്ചിട്ടുണ്ട് എന്നര്‍ത്ഥം. ഇനി എന്ത് സംഭവിക്കും എന്നതിന് അനുസരിച്ചിരിക്കും രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം. 


Read Also: രാഹുല്‍ ഗാന്ധിക്ക് 2 വർഷം തടവ്, കുറ്റക്കാരനെന്ന് കോടതി


ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരം ആണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കേസ് എടുത്തിരുന്നത്. ക്രിമിനല്‍ ഡിഫേമേഷന്‍ ആണ് കേസ്. അതുകൊണ്ട് തന്നെയാണ് ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ജനപ്രതിനിധിയായി തുടരാന്‍ ആവില്ലെന്ന നിയമം ഇവിടെ ബാധകമാവുക. എന്തായാലും രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച് പെട്ടെന്ന് ഭയക്കേണ്ടുന്ന ഒരു സാഹചര്യം ഇപ്പോള്‍ നിലവിലില്ല.


30 ദിവസത്തിനുള്ളില്‍ മേല്‍ കോടതിയെ സമീപിച്ച് ഈ വിധിയ്ക്ക് സ്റ്റേ സമ്പാദിക്കാന്‍ ആയാല്‍ അദ്ദേഹത്തിന് ലോക്‌സഭ എംപിയായി തുടരാം. എന്നാല്‍, മേല്‍ കോടതി ഇപ്പോഴത്തെ വിധി സ്‌റ്റേ ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. ഒരുപക്ഷേ, ജനപ്രാതിനിധ്യ നിയമ പ്രകാരം അദ്ദേഹത്തിന് എംപി സ്ഥാനം നഷ്ടമാകും. അങ്ങനെ വന്നാല്‍ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങും. മാത്രമല്ല, അടുത്ത ആറ് വർഷത്തേക്ക് രാഹുൽ ഗാന്ധിയ്ക്ക് നിയമസഭയിലേക്കോ ലോക്സഭയിലേക്കോ മത്സരിക്കാൻ ആകാത്ത സ്ഥിതിവിശേഷവും സംജാതമാകും.


രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ആയിരുന്നു ഈ വിധി പ്രസ്താവം എന്ന പ്രത്യേകതയും ഉണ്ട്. എന്തായാലും വിധിയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിക്കഴിഞ്ഞിട്ടുണ്ട്. 'ഗാന്ധി ഡര്‍തേ നഹീം' എന്നാണ് ഇതേ കുറിച്ച് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വന്ന പ്രതികരണം. ഗാന്ധി ഭയപ്പെടില്ല എന്നാണ് ഇതിന്റെ മലയാളം. എന്തായാലും ഈ കേസ് കൂടുതല്‍ നിയമക്കുരുക്കുകളിലേക്ക് കടന്നാലും അത്ഭുതപ്പെടാനില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 


2019 ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കര്‍ണാടകത്തിെ കോളാറിലെ യോഗത്തിലെ പ്രസംഗത്തിലാണ് വിവാദ പരാമര്‍ശം. എല്ലാ കള്ളന്‍മാരുടേയും പേരില്‍ മോദി എന്നുണ്ട് എന്നായിരുന്നു അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞത്. പ്രസംഗിച്ചത് കര്‍ണാടകത്തില്‍ ആയിരുന്നെങ്കിലും ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ ആയ പൂര്‍ണേഷ് മോദിയാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പരാതി നല്‍കിയത്. മോദി സമുദായത്തെ അധിക്ഷേപിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം എന്നതായിരുന്നു കേസിന്റെ അടിസ്ഥാനം. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.