ന്യൂഡല്‍ഹി: മഴക്കെടുതിയില്‍ തകര്‍ന്ന തന്‍റെ മണ്ഡലമായ വയനാടിന് സഹായവുമായി രാഹുല്‍ഗാന്ധി.


COMMERCIAL BREAK
SCROLL TO CONTINUE READING

ദുരിതത്തില്‍പ്പെട്ടവര്‍ക്കായി 50,000 കിലോ അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും വിതരണത്തിനായി ജില്ലയില്‍ എത്തിച്ചു. ജില്ലയിലെ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ച രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് സാധനങ്ങൾ വയനാട്ടിലെത്തിയത്.


രണ്ട് ഘട്ടമായിട്ടാണ് സാധനങ്ങള്‍ വയനാട്ടില്‍ എത്തിച്ചത്. ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ എത്തിച്ചിരുന്നു. രണ്ടാം ഘട്ടത്തിലാണ് അരിയും ഭക്ഷ്യവസ്തുക്കളും എത്തിച്ചത്. അടുത്ത ഘട്ടമായി ക്ലീനിംഗ് സാധനങ്ങള്‍ എത്തിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാത്ത്‌റൂം, ഫ്ലോർ ക്ലീനിംഗ് വസ്തുക്കളടങ്ങിയ കിറ്റ് എത്തിക്കും. 


കൂടാതെ, ഈ മാസം അവസാനം രാഹുല്‍ഗാന്ധി വീണ്ടും വയനാട്ടില്‍ എത്തുമെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് വ്യക്തമാക്കി.


വയനാട്ടിലെയും മലപ്പുറത്തെയും ദുരിതബാധിത മേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും രാഹുല്‍ഗാന്ധി സന്ദര്‍ശനം നടത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിൽ ആദ്യത്തെ ദിവസം ഉരുൾപൊട്ടലിൽ വൻനാശം വിതച്ച മലപ്പുറം നിലമ്പൂരിലെ കവളപ്പാറയും രണ്ടാമത്തെ ദിവസം ശക്തമായ മണ്ണിടിച്ചിൽ ഏഴ് പേരെ കാണാതായ വയനാട്ടിലെ പുത്തുമലയിലുമാണ് രാഹുൽ ​ഗാന്ധി സന്ദർശനം നടത്തിയത്.


ഇതിന് പിന്നാലെയാണ് ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. 5 കിലോ അരി അടങ്ങിയ ഭക്ഷ്യസാധന കിറ്റ് പതിനായിരം കുടുംബങ്ങള്‍ക്കു വിതരണം ചെയ്യാനാണ് രാഹുല്‍ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രാദേശിക പാര്‍ട്ടി ഘടകങ്ങള്‍ വഴി ഇതിന്‍റെ വിതരണം ആരംഭിച്ചു.