ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചു വരവുണ്ടാവണമെങ്കില്‍ രാഹുല്‍ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് തെരഞ്ഞടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതിനുള്ള പ്രാഥമിക യോഗത്തില്‍ പ്രശാന്ത് കിഷോര്‍ ഇക്കാര്യം ഉന്നയിച്ചതായാണ് സൂചന. എന്നാല്‍ ഇതിനുള്ള സാദ്ധ്യത സോണിയാ ഗാന്ധി തള്ളിക്കളഞ്ഞതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.രാഹുൽ അല്ലെങ്കില്‍ പ്രിയങ്ക ഗാന്ധിയോ അതുമല്ലെങ്കില്‍ ബ്രാഹ്മണ സമൂഹത്തിൽ നിന്നുള്ള ഒരു നേതാവോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്നും പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയുടെ തെരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ പരമ പ്രധാന സ്ഥാനമുള്ള ഉത്തര്‍ പ്രദേശില്‍ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ ശക്തമാണ്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിന്റെ ഭാഗമായി അറിയപ്പെടുന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ പങ്കെടുപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം നടത്തിയ യോഗത്തിലാണ് രാഹുല്‍ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം പ്രശാന്ത് കിഷോര്‍ ഉന്നയിച്ചത്. 


അതേ സമയം രാഹുല്‍ ഗാന്ധി ഈ വര്‍ഷം പാര്‍ട്ടി അധ്യക്ഷനാകുമെന്നു പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്പറഞ്ഞു . രാഹുല്‍ യുപി മുഖ്യമന്ത്രി സ്ഥാനത്തേക്കു മത്സരിക്കണമെന്നു പ്രശാന്ത് കിഷോര്‍ പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം."രാഹുല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങുമോയെന്ന് അറിയില്ല. അദ്ദേഹം ഇപ്പോള്‍ ഉപാധ്യക്ഷനാണ്. ഈ വര്‍ഷം തന്നെ അധ്യക്ഷനാകുമെന്നാണു പ്രതീക്ഷ "– അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം രാഹുല്‍ അധ്യക്ഷപദവിയേല്‍ക്കുമെന്നു സൂചനയുണ്ടായിരുന്നു.