Rahul Gandhi: മാപ്പ് പറയാൻ താൻ സവർക്കറല്ല, ആരെയും ഭയക്കില്ല; പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി
Rahul Gandhi on disqualification: അയോഗ്യനാക്കി, ജയിലിലടച്ച് നിശബ്ദനാക്കാൻ കഴിയുമെന്ന് കരുതേണ്ട. മോദിക്ക് അദാനിയുമായി എന്താണ് ബന്ധമെന്ന് ചോദിക്കാൻ തനിക്ക് ഭയമില്ലെന്നും രാഹുൽ ഗാന്ധി.
തന്നെ അയോഗ്യനാക്കിയോ ജയിലിൽ അടച്ചോ നിശബ്ദനാക്കാൻ സാധിക്കില്ലെന്ന് രാഹുൽ ഗാന്ധി. അയോഗ്യനാക്കി, ജയിലിലടച്ച് തന്നെ നിശബ്ദനാക്കാൻ കഴിയുമെന്ന് കരുതേണ്ട. താൻ ഒന്നിനെയും ഭയപ്പെടുന്നവനല്ല. മോദിക്ക് അദാനിയുമായി എന്താണ് ബന്ധമെന്ന് ചോദിക്കാൻ തനിക്ക് ഭയമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
‘കുറച്ച് ആഴ്ചകൾക്ക് മുൻപ് പാർലമെന്റിൽ ഞാൻ പ്രധാനമന്ത്രിയോട് കുറച്ച് കാര്യങ്ങൾ ചോദിച്ചു. അദാനിയുടെ പേരിലുള്ള ഷെൽ കമ്പനിയിൽ 20,000 കോടി രൂപയാണുള്ളത്. അദാനിക്ക് ഇത്രയധികം പണം സ്വരൂപിക്കാൻ കഴിയില്ലെന്നും അദാനിക്ക് എനിടെ നിന്നാണ് ഈ പണം ലഭിച്ചതെന്നും ചോദിച്ചു. ഒരു ചൈനീസ് പൗരൻ ഇതിന് പിന്നിലുണ്ട്. ആരാണ് അയാൾ ? മോദിയും അദാനിയും തമ്മിൽ എന്താണ് ബന്ധം. പ്രധാനമന്ത്രിയും അദാനിയും ഫ്‌ളൈറ്റിലിരിക്കുന്ന ചിത്രം കാണിച്ചുകൊണ്ടാണ് ഞാൻ ചോദ്യങ്ങൾ ഉന്നയിച്ചത്. ഈ തെളിവുകൾ ഞാൻ മേശപ്പുറത്ത് വച്ചു. ഇതിന് പിന്നാലെ ബിജെപി പണി തുടങ്ങി. സ്പീക്കർക്ക് വിശദമായി ഇക്കാര്യം എഴുതി നൽകിയതാണ്. പ്രതിരോധ രംഗത്തെക്കുറിച്ചും, വിമാനത്താവളങ്ങളെക്കുറിച്ചുമെല്ലാം അക്കമിട്ട് നിരത്തി സ്പീക്കർക്ക് കത്ത് നൽകി. ഇതിനെല്ലാമുള്ള തെളിവുകളും സമർപ്പിച്ചു. പക്ഷേ ഈ കത്തിന് മറുപടിയൊന്നും ലഭിച്ചിട്ടില്ല’- രാഹുൽ ഗാന്ധി പറഞ്ഞു.
ALSO READ: Rahul Gandhi: രാഹുൽ ഗാന്ധി അയോഗ്യൻ, ഉത്തരവിറങ്ങി
പാർലമെന്റിൽ ഒരു നിയമമുണ്ട്. ഒരു അംഗം ആരോപണം ഉന്നയിച്ചാൽ അദ്ദേഹത്തിന് എന്താണ് പറയാനുള്ളതെന്ന് കേൾക്കണമെന്ന്. തനിക്ക് സംസാരിക്കാൻ അവസരം നൽകാത്തതെന്താണെന്ന് ചോദിച്ചപ്പോൾ സ്പീക്കർ ചിരിക്കുകയാണ് ചെയ്തത്. മോദിയും അദാനിയും തമ്മിൽ വർഷങ്ങളായുള്ള പരിചയമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതലുള്ള ബന്ധമാണ്. തന്റെ അടുത്ത പ്രസംഗത്തെ പ്രധാനമന്ത്രി ഭയക്കുന്നതുകൊണ്ടാണ് തന്നെ അയോഗ്യനാക്കിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നത്. അത് ഇനിയും തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അദാനിയുടെ സത്യം ഒരിക്കൽ പുറത്ത് വരും. പ്രതിപക്ഷം ഒരിക്കലും ഇവിടെ വച്ച് ഇത് നിർത്താൻ പോകുന്നില്ല. സത്യം പുറത്ത് വരുന്നത് വരെ ഇതേക്കുറിച്ച് ചോദിച്ചുകൊണ്ടേയിരിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...