ജയ്പുര്‍: ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ രണ്ടിന് അവധിയില്ലാത്തതിനാല്‍ നിയമ നടപടിക്കൊരുങ്ങി രാജസ്ഥാനിലെ സര്‍വകലാശാലകള്‍. 2017-18 അധ്യയന വര്‍ഷത്തെ കലണ്ടറുകളില്‍നിന്നാണ് ഗാന്ധിജയന്തിദിനത്തിലെ അവധി അപ്രത്യക്ഷമായിരിക്കുന്നത്. രാജസ്ഥാന്‍ ഗവര്‍ണറും സര്‍വകലാശാലകളിലെ ചാന്‍സലറുമായ കല്യാണ്‍ സിങ്ങാണ് കലണ്ടര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. കലണ്ടര്‍ പ്രകാരം ഇരുപത്തിനാല് അവധി ദിനങ്ങളാണ് ഈ അധ്യയന വര്‍ഷം ഉള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ചില യൂണിവേഴ്സിറ്റികള്‍ കലണ്ടര്‍ പ്രകാരമുള്ള അവധി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണെങ്കിലും മറ്റുള്ളവര്‍ ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.


സംസ്ഥാന കലണ്ടര്‍ അനുസരിച്ചാണ് സര്‍വകലാശാലകളിലേക്കുള്ള അക്കാദമിക് കലണ്ടറുകള്‍ തയ്യാറാക്കിയതെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഗസറ്റഡ് അവധി കലണ്ടര്‍ പ്രകാരമാണ് സര്‍വകലാശാലകളിലേക്കുള്ള കലണ്ടറും തയാറാക്കിയതെന്ന് അവര്‍ സൂചിപ്പിച്ചു.


അതേസമയം സ്കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളിലും ഗാന്ധിജയന്തി ദിവസം ആഘോഷങ്ങള്‍ നടക്കുന്നതിനാലാണ് അവധി നല്‍കാത്തതെന്നാണ് വിദ്യാഭ്യാസ വകുപ്പുമന്ത്രി കിരണ്‍ മഹേശ്വരിയുടെ വാദം.
കലണ്ടറനുസരിച്ച്‌ ഒക്ടോബര്‍ മാസത്തില്‍ രണ്ട് അവധികളാണുള്ളത്. എന്നാല്‍ ഗുരുനാനാക്ക്, ബി.ആര്‍.അംബേദ്ക്കര്‍, മഹാറാണാപ്രതാപ്, റാംദേവ് എന്നിവരുടെ ജന്മദിനങ്ങളില്‍ ഈ കലണ്ടറില്‍ അവധി രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഏറെ ആശ്ചര്യകരം. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ കലണ്ടര്‍ സംസ്ഥാനത്തെ പന്ത്രണ്ട് യൂണിവേഴ്സിറ്റികള്‍ക്കും അയച്ചുകൊടുത്തിരുന്നു.