ജയ്പൂർ: രാജസ്ഥാൻ എം.എൽ.എയുടെ മകനോടിച്ച ബി.എം.ഡബ്ളിയു കാർ ഓട്ടോയിലും പൊലീസ് വാനിലുമിടിച്ച് മൂന്ന് പേർ മരിച്ചു, അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. ഓട്ടോയിൽ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് സംഭവമുണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമിതവേഗതയാണ് അപകടകാരണമെന്ന് കരുതുന്നു. സികാർ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്രാംഗമായ നന്ദകിഷോർ മെഹ്റിയയുടെ പുത്രനായ സിദ്ധാർഥ് മെഹ്റിയയാണ് കാറോടിച്ചിരുന്നതെന്ന് പരിക്കേറ്റ പൊലീസുകാർ പറഞ്ഞു.


ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം സിദ്ധാര്‍ത്ഥിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അപകടം നടന്ന സമയത്ത് മെഹ്റിയ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ രക്തം പരിശോധനക്ക് വിധേയമാക്കിയാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ. 


ഇയാൾ നൂറ് കിലോമീറ്റർ വേഗതയിലായിരുന്നു കാറോടിച്ചിരുന്നതെന്ന് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പൊലീസുകാർ പറഞ്ഞു.അതേസമയം സംഭവത്തില്‍ താന്‍ കുറ്റക്കാരനല്ലെന്നും  തന്‍റെ ഡ്രൈവറാണ് കാറോടിച്ചിരുന്നതെന്നാണ് സിദ്ധാർഥ് അവകാശപ്പെടുന്നത്.