Rajasthan Political crisis: ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കും; നിലപാടിലുറച്ച് BJP
രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി BJP മുന്നോട്ട്...
ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി BJP മുന്നോട്ട്...
കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയയാണ് മാധ്യമങ്ങളെ അറിയിച്ചത്. വ്യാഴാഴ്ച നടന്ന BJP നിയമസഭാ പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസില്‍ വിമത പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ബി.ജെ.പി എം.എല്‍.എമാര്‍ ഒരുമിച്ച് ചേര്‍ന്ന ആദ്യത്തെ യോഗമായിരുന്നു ഇത്.
അതേസമയം, രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഒരു മാസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായതിന് തൊട്ടുപിന്നാലെ അവിശ്വാസ പ്രമേയ നീക്കവുമായി ബിജെപി മുന്നോട്ടു പോകുന്നത് രാഷ്ട്രീയ നിരീക്ഷകരെ ആശയക്കുഴപ്പത്തിലാക്കിയിരിയ്ക്കുകയാണ്. BJPയുടെ അടുത്ത നീക്കം എന്താണ് എന്നാണ് ഇവര്‍ ആലോചിക്കുന്നത്.
അതിന് കാരണമുണ്ട്. കോണ്‍ഗ്രസിലെ വിമത നേതാവ് സച്ചിന്‍ പൈലറ്റ് നിലപാട് തണുപ്പിച്ചതോടെ ഏകദേശം കാര്യങ്ങള്‍ ശുഭമായിരിയ്ക്കുകയാണ്. എന്നാല്‍ അതിനുപിന്നാലെ, BSPയില്‍ നിന്നും കൂറുമാറി എം.എല്‍.എമാര്‍ ഒന്നടങ്കം കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായിരി യ്ക്കുകയാണ്.
അതേസമയം, മായാവതിയും BJP MLAയും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച രാജസ്ഥാന്‍ ഹൈക്കോടതി സ്പീക്കര്‍ക്കും BSP MLA മാര്‍ക്കും നോട്ടീസ് അയച്ചിരുന്നു. ആഗസ്റ്റ് 11 നകം മറുപടി നല്‍കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ഹര്‍ജിയില്‍ വാദം തുടരുകയാണ്. ഹര്‍ജിയില്‍ വെള്ളിയാഴ്ചയും വാദം തുടരും.
പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ സച്ചിന്‍ പൈലറ്റും 18 എം.എല്‍.എമാരും തിരിച്ച് പാര്‍ട്ടിയില്‍ എത്തിയതോടെ രാജസ്ഥാനില്‍ നിലനിന്നിരുന്ന പ്രതിസന്ധി അടഞ്ഞ അധ്യായമാണെന്നും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എല്ലാ എം.എല്‍.എമാരും സര്‍ക്കാരിനൊപ്പം കരുത്തോടെ ഒരുമിച്ച് മുന്നോട്ട് പോകുമെന്നും കൊവിഡിനെതിരെയും സാമ്പത്തിക പ്രതിസന്ധിക്കെതിരെയും പോരാടുമെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നു. ഒപ്പം പുറത്താക്കിയ MLAമാരെ പാര്‍ട്ടി തിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.