രണ്ടു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്
രാജസ്ഥാനിലും പശ്ചിമ ബംഗാളിലും നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്.
ജയ്പൂര്‍: രാജസ്ഥാനിലും പശ്ചിമ ബംഗാളിലും നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്.
രാജസ്ഥാനില്‍ അല്‍വര്‍, അജ്മീര്‍ ലോക്സഭാ മണ്ഡലങ്ങളിലേയ്ക്കും മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 23 സ്ഥാനാർഥികൾ ആജ്മീറിൽ ജനവിധി തേടുമ്പോൾ 11 പേരാണ് ആൽവാറിലുള്ളത്. മണ്ഡൽഗഡ് നിയമസഭാ മണ്ഡലത്തിൽ എട്ടു സ്ഥാനാഥികൾ മത്സരരംഗത്തുണ്ട്.
രാജസ്ഥാനിലെ മൂന്നു മണ്ഡലങ്ങളും ബിജെപി പ്രതിനിധാനം ചെയ്തിരുന്നതാണ്. സൻവർ ലാൽ ജാട്ട്(അജ്മീർ), ചാന്ദ് നാഥ്(അൽവർ), കീർത്തികുമാരി(മണ്ഡൽഗഡ്) എന്നിവരുടെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
തൊഴിൽമന്ത്രി ജസ്വന്ത് സിംഗ് യാദവാണ് അൽവറിൽ ബിജെപി സ്ഥാനാർഥി. മുൻ എംപി കരൺ സിംഗ് യാദവാണ് കോൺഗ്രസ് സ്ഥാനാർഥി. അജ്മീറിൽ സൻവർ ലാൽ ജാട്ടിന്റെ മകൻ രാംസ്വരൂപ് ലംബ ബിജെപി സീറ്റില്‍ മത്സരിക്കുന്നു. മുൻ എംഎൽഎ രഘു ശർമയാണു കോൺഗ്രസ് സീറ്റില്‍ ജനവിധി തേടുന്നത്.
അതേസമയം, പശ്ചിമ ബംഗാളില്‍ ഉലുബേരിയ ലോക്സഭാ മണ്ഡലത്തിലും നൗപാരാ നിയമസഭാ മണ്ഡലത്തിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. പശ്ചിമ ബംഗാളിലെ രണ്ടു മണ്ഡലങ്ങളിലും 75%ല്‍ അധികം വോട്ടിംഗ് നടന്നിരുന്നു.
രാജസ്ഥാനിലെ ഭരണകക്ഷിയായ ബിജെപിയ്ക്ക് ഈ ഉപതെരഞ്ഞെടുപ്പ് ഫലം വളരെ നിര്‍ണ്ണായകമാണ്. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ഭരണമുന്നണിയുടെ വിലയിരുത്തലാവും ഈ ഉപതെരഞ്ഞെടുപ്പ് ഫലം എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.