ന്യൂഡല്‍ഹി: രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന്‍ തന്‍റെ പരോള്‍ 30 ദിവസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നളിനിയുടെ അപേക്ഷയില്‍ മറുപടി നല്‍കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് മദ്രാസ്‌ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും ഒരുക്കങ്ങള്‍ നടത്തുന്നതിനുമായി കഴിഞ്ഞ മാസമാണ് നളിനിയ്ക്ക് ഒരു മാസത്തെ പരോള്‍ മദ്രാസ്‌ ഹൈക്കോടതി അനുവദിച്ചത്. 


പരോള്‍ നീട്ടികിട്ടാന്‍ വേണ്ടി നളിനി അപേക്ഷ നല്‍കിയെങ്കിലും ജയില്‍ ഡിഐജി അത് നിരസിച്ചതിനേ തുടര്‍ന്നാണ് നളിനി മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചത്. 


കഴിഞ്ഞ 27 വര്‍ഷമായി നളിനി ജയിലിലാണ്. 1991 മേയ് 21 ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂരില്‍ ഉണ്ടായ ചാവേര്‍ സ്ഫോടനത്തിലൂടെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളില്‍ ഒരാളാണ് നളിനി.


1998 ജനുവരിയില്‍ പ്രത്യേക കോടതി 26 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. 1999 മെയ്‌ 11 ന് ഇവരില്‍ നളിനിയുള്‍പ്പെടെ നാലു പ്രതികള്‍ക്കെതിരായ വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നുവെങ്കിലും നളിനിയുടെ വധ ശിക്ഷ തമിഴ്നാട് മന്ത്രിസഭയുടെയും സോണിയ ഗാന്ധിയുടേയും അഭ്യര്‍ത്ഥനകള്‍ പരിഗണിച്ച് ജീവപര്യന്തമാക്കി തമിഴ്നാട് ഗവര്‍ണര്‍ ഇളവുചെയ്തിരുന്നു.