ന്യൂ ഡൽഹി : രാജീവ് ഗാന്ധി വധക്കേസ്  പ്രതി പേരറിവാളന്റെ മോചനത്തിൽ കേന്ദ്രത്തിനെതിരെ സുപ്രീം  കോടതി. വിഷയത്തിൽ രാഷ്ട്രപതി തീരുമാനമെടുക്കുന്നത് വരെ കോടതി കാത്തിരിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം അംഗീകരിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. രാജീവ് ഗാന്ധി വധക്കേസിൽ  36 വർഷം തടവ് ശിക്ഷ അനുഭവിച്ച എം ജി പേരറിവാളന്റെ മോചനം സംബന്ധിച്ച സംസ്ഥാന മന്ത്രിസഭാ തീരുമാനത്തിന് തമിഴ്നാട് ഗവർണ്ണർ ബാധ്യസ്ഥനാണെന്ന് സുപ്രീംകോടതി ബുധനാഴ്ച പറഞ്ഞിരുന്നു. അതേസമയം കേന്ദ്രത്തോട് അടുത്തയാഴ്ചയ്ക്കുള്ളിൽ പ്രതികരണം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പേരറിവാളന്റെ ദയാഹർജിയിൽ തീരുമാനമെടുക്കണമെന്ന് തമിഴ്നാട് ഗവർണ്ണർ രാഷ്ട്രപതിക്ക് ശുപാർശ ചെയ്തിരുന്നു. എന്നാൽ രാഷ്ട്രപതിക്ക് ഹർജി റഫർ ചെയ്യാൻ ഗവർണ്ണർക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനക്കെതിരെ നടക്കുന്ന വിവേചനപരമായ കാര്യങ്ങളിൽ കണ്ണടയ്ക്കാൻ കഴിയില്ല. നിയമത്തിന് അതീതരായി ആരും തന്നെ ഇല്ല. വിശിഷ്ട വ്യക്തികൾക്ക് ചില അധികാരം നൽകിയിട്ടുണ്ടെന്നും എന്നാൽ അത് ഭരണഘടനയുടെ പ്രവർത്തനം തടസ്സപ്പെടുത്തുവാനാവരുതെന്നും സുപ്രീം   കോടതി പറഞ്ഞു.


1991 മെയ് 21നാണ് രാജീവ് ഗാന്ധി വധിക്കപ്പെടുന്നത്. രാജീവ് ഗാന്ധി വധക്കേസിൽ അറസ്റ്റിലാവുമ്പോൾ 19 വയസ് മാത്രമായിരുന്നു  പേരറിവാളിന്. രാജീവ് ഗാന്ധി വധത്തിൽ ബോംബുണ്ടാക്കാൻ വേണ്ടി ഉപയോഗിച്ച  ബാറ്ററി നൽകിയെന്ന കുറ്റമാണ് പേരറിവാളനെതിരെ ചുമത്തിയിരിക്കുന്നത്. ചെന്നൈയിൽ കുടുംബത്തോടൊപ്പം കഴിയുമ്പോഴായിരുന്നു അപ്രതീക്ഷിത അറസ്റ്റ്. അന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ വിദ്യാർഥിയായിരുന്നു പേരറിവാളൻ.


1998 ൽ ജനുവരിയിലാണ് ടാഡാ കോടതി കേസിലെ 25 പ്രതികൾക്കും വധശിക്ഷ വിധിക്കുന്നത്. 1999 മെയ് മാസത്തിൽ സുപ്രീംകോടതി ഇത് ശരിവെക്കുകയും ചെയ്തു. സുപ്രീം കോടതി 2014 ഫെബ്രുവരി 18ന്   ജീവപര്യന്തമായി പേരറിവാളന്റെ വധശിക്ഷ   ഇളവ് ചെയ്തിരുന്നു. 32 വർഷത്തെ നീണ്ട ജയിൽ ജീവിതത്തിന് ശേഷം 2022 മാർച്ച് 9നാണ് പേരറിവാളന് ജാമ്യം ലഭിക്കുന്നത്. 30 വർഷത്തിലേറെ കാലം ജയിലിൽ കഴിഞ്ഞതിനാൽ  ജാമ്യത്തിന് അർഹതയുണ്ടെന്ന് വിലയിരുത്തിയതിനെ തുടർന്നാണ്  മൂന്ന് പതിറ്റാണ്ടിന്  ശേഷം ജാമ്യം ലഭിച്ചത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.