സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെ സി.ബി.ഐ.യിൽ നിന്നും മാറ്റി
പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാരസമിതി പുതിയ ഡയറക്ടറെ നിയമിക്കാൻ ഈ മാസം 24-നു യോഗം ചേരും.
ന്യൂഡൽഹി: ഡയറക്ടർ അലോക് വർമയോടൊപ്പം പദവിയിൽനിന്ന് ഒഴിവാക്കപ്പെട്ട സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെയും സി.ബി.ഐ.യിൽ നിന്നും മാറ്റി. വിമാനത്താവളങ്ങളുടെ സുരക്ഷാച്ചുമതലയുള്ള ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിലേക്കാണ് മാറ്റം.
പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാരസമിതി പുതിയ ഡയറക്ടറെ നിയമിക്കാൻ ഈ മാസം 24-നു യോഗം ചേരും. അസ്താനയ്ക്കൊപ്പം ജോയിന്റ്റ് ഡയറക്ടർ എ.കെ.ശർമ, ഡി.ഐ.ജി. എം.കെ. സിൻഹ, എസ്.പി. ജയന്ത് നായിക്‌നാവേർ എന്നീ മുതിർന്ന ഓഫീസർമാരുടെ സി.ബി.ഐ.യിലെ സേവനവും അവസാനിപ്പിച്ചു.
ഒക്ടോബർ അവസാനം അലോക് വർമയെയും അസ്താനയെയും പൊടുന്നനെ പദവികളിൽനിന്ന് ഒഴിവാക്കി, ജോയന്റ് ഡയറക്ടർ നാഗേശ്വർറാവുവിന് സി.ബി.ഐ.യുടെ ചുമതല നൽകിയത് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം വർമ വീണ്ടും ഡയറക്ടറായി ചുമതലയേറ്റെങ്കിലും തൊട്ടടുത്തദിവസം പ്രധാനമന്ത്രി അധ്യക്ഷനായ സമിതി അദ്ദേഹത്തെ പുറത്താക്കി. അഗ്നിരക്ഷാ വകുപ്പിന്‍റെ തലവനായി നിയമിച്ചെങ്കിലും വർമ ആ പദവി ഏറ്റെടുക്കാതെ സർവീസിൽനിന്നു രാജിവെച്ചു. അസ്താന ഒക്ടോബറിൽ സ്ഥാനഭ്രഷ്ടനാക്കിയതു മുതൽ അവധിയിലായിരുന്നു.