ന്യൂഡല്‍ഹി: രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഘര്‍ഷത്തില്‍ അയവ് വരാതെ ബീഹാര്‍. അക്രമം അഴിച്ചുവിട്ട 212 പേരെ അറസ്റ്റ് ചെയ്തതായി ബീഹാര്‍ പൊലീസ് അറിയിച്ചു. ഇതുവരെ 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ച രാവിലെ നവാദയില്‍ ഹനുമാന്‍റെ മൂര്‍ത്തി തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതാണ് വീണ്ടും അക്രമം പടരാന്‍ ഇടയാക്കിയത്. ബീഹാറിലെ എട്ട് ജില്ലകള്‍ സംഘര്‍ഷബാധിതമാണ്. നവാദയില്‍ ഇരുപതോളം കടകള്‍ അഗ്നിക്കിരയായി. കഴിഞ്ഞ ആഴ്ച ആരംഭിച്ച സംഘര്‍ഷത്തില്‍ 20 പൊലീസുകാരടക്കം നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബീഹാറിലെ വിവിധ ഇടങ്ങളിലെ മുസ്ലീം പള്ളികള്‍ക്ക് നേരെയും ആക്രമണമുണ്ടായി. 


വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് നവമി ആഘോഷങ്ങള്‍ക്ക് 14 ദിവസം മുന്‍പ് ബീഹാറില്‍ എത്തിയിരുന്നെന്നും കലാപമുണ്ടാക്കാനുള്ള പരിശീലനം നല്‍കാനായിരുന്ന ആ സന്ദര്‍ശനമെന്നും തേജസ്വി തുറന്നടിച്ചു. 


അതേസമയം സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലാണെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയാത്തത് സംസ്ഥാന സര്‍ക്കാരിന്‍റെ പരാജയമാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ്  അഭിപ്രായപ്പെട്ടു.