രാമജന്മഭൂമിയില്‍ രാമക്ഷേത്രം തന്നെ ഉയരും: മോഹന്‍ ഭാഗവത്
ഉഡുപ്പി: അയോദ്ധ്യയില്‍ രാമജന്മഭൂമിയില്‍ രാമക്ഷേത്രം തന്നെ ഉയരുമെന്നും അതിന് വൈകില്ലെന്ന് ആര്‍.എസ്.എസ് അദ്ധ്യക്ഷന്‍ ഡോ. മോഹന്‍ ഭാഗവത്. ഉഡുപ്പിയില്‍ ധര്‍മ്മ സംസദില്‍ മുഖ്യപ്രഭാഷണം നടത്തവെ അയോദ്ധ്യയില്‍ രാമജന്മസ്ഥാനത്ത് രാമക്ഷേത്രമേ ഉയരൂവെന്നും ക്ഷേത്രം അവിടെ എത്തിച്ചിരിക്കുന്ന കല്ലുകള്‍കൊണ്ടുതന്നെ പണിയുമെന്നും ക്ഷേത്രത്തിനു മുകളില്‍ കാവിക്കൊടി പാറുമെന്നും അദ്ദേഹം പറഞ്ഞു.
പശുവിനെ സംരക്ഷിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാപക ശ്രമമുണ്ട്. ഗോരക്ഷ നമ്മുടെ പൈതൃകമാണ്. രാജ്യത്ത് പൂര്‍ണ്ണ ഗോവധ നിരോധനം ഏര്‍പ്പെടുത്താതെ നമുക്ക് വിശ്രമിക്കാനാവില്ലയെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ആരംഭിച്ച ധര്‍മ്മ സംസദ് മറ്റന്നാള്‍ സമാപിക്കും. സംസദില്‍ സന്യാസിമാര്‍, മഠാധിപതികള്‍, വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തകര്‍ തുടങ്ങി 2000 പ്രതിനിധികള്‍ പങ്കെടുക്കുന്നു. സമാപന ദിവസം സംസദിന്‍റെ പ്രമേയം ഉണ്ടാകുമെന്ന് ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥ അറിയിച്ചു. മൂന്നു ദിവസത്തെ യോഗത്തില്‍ പ്രമുഖ സന്യാസിമാരെ കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍ട്ട് ഓഫ് ലിവിങ് മേധാവി ശ്രീ ശ്രീ രവിശങ്കര്‍, യോഗ ഗുരു രാംദേവ് തുടങ്ങിയവരും പങ്കെടുക്കും.