രാഷ്ട്രപതി ഭവൻ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നു; പ്രവേശനം എപ്പോൾ...; കൂടുതലറിയാം
ഉച്ചയ്ക്ക് 2 മുതൽ 4 വരെയും ഒരു മണിക്കൂർ വീതമുള്ള അഞ്ച് സമയ സ്ലോട്ടുകളിലായി നിങ്ങൾക്ക് രാഷ്ട്രപതി ഭവൻ സന്ദർശിക്കാം
ഡിസംബർ ഒന്ന് മുതൽ ആഴ്ചയിൽ അഞ്ച് ദിവസവും രാഷ്ട്രപതി ഭവൻ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നു. ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണ് രാഷ്ട്രപതി ഭവൻ. വാസ്തുശില്പികളായ സർ എഡ്വിൻ ലൂട്ടിയൻസ്, ഹെർബർട്ട് ബേക്കർ എന്നിവരുടെ സൃഷ്ടിയാണ് ഇത്. 330 ഏക്കർ എസ്റ്റേറ്റിൽ 5 ഏക്കർ വിസ്തൃതിയിൽ എച്ച് ആകൃതിയിലുള്ള കെട്ടിടമാണിത്. രാഷ്ട്രപതി ഭവനിൽ നാല് നിലകളിലായി 340 മുറികൾ, 2.5 കിലോമീറ്റർ വലുപ്പമുള്ള ഇടനാഴികൾ, 190 ഏക്കർ ഗാർഡൻ ഏരിയ എന്നിവയുണ്ട്.
കൊവിഡ് 19 വ്യാപനം കാരണം രാഷ്ട്രപതി ഭവനിലേക്കുള്ള സന്ദർശനം പൊതുജനങ്ങൾക്ക് വെറും രണ്ട് ദിവസമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ വീണ്ടും ദിവസങ്ങളുടെ എണ്ണം വർധിപ്പിക്കുന്നത് പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പൊതുജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കുന്നതിനും പ്രവൃത്തിദിവസങ്ങളിലും അതിലേക്ക് പ്രവേശനം അനുവദിക്കുന്നതിനുമാണ് എന്ന് കഴിഞ്ഞ മാസം പ്രസിഡന്റിന്റെ വക്താവ് പറഞ്ഞിരുന്നു.
ഏത് ദിവസങ്ങളിൽ രാഷ്ട്രപതി ഭവൻ സന്ദർശിക്കാം?
രാഷ്ട്രപതി ഭവന്റെ പ്രധാന കെട്ടിടത്തിന്റെ (സർക്യൂട്ട് 1) ഭാഗങ്ങൾ ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഗസറ്റഡ് അവധി ദിവസങ്ങളിൽ ഒഴികെ പൊതുജനങ്ങൾക്ക് ലഭ്യമാകും.
രാഷ്ട്രപതി ഭവൻ സർക്യൂട്ട് 1 ൽ പ്രധാന കെട്ടിടം, ഫോർകോർട്ട്, റിസപ്ഷൻ, നവാചര, ബാങ്ക്വറ്റ് ഹാൾ, അപ്പർ ലോഗ്ഗിയ, ലുട്ടിയൻസ് ഗ്രാൻഡ് സ്റ്റെയർ, ഗസ്റ്റ് വിംഗ്, അശോക് ഹാൾ, നോർത്ത് ഡ്രോയിംഗ് റൂം, ലോംഗ് ഡ്രോയിംഗ് റൂം, ലൈബ്രറി, ദർബാർ ഹാൾ, ബുദ്ധ പ്രതിമ എന്നിവ ഉൾപ്പെടുന്നു.
രാഷ്ട്രപതി ഭവൻ സന്ദർശിക്കേണ്ട സമയം?
പ്രസ്തുത ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 2 മുതൽ 4 വരെയും ഒരു മണിക്കൂർ വീതമുള്ള അഞ്ച് സമയ സ്ലോട്ടുകളിലായി നിങ്ങൾക്ക് രാഷ്ട്രപതി ഭവൻ സന്ദർശിക്കാം. ഓരോ സ്ലോട്ടിലും പരമാവധി 30 സന്ദർശകർ വരെ ഉണ്ടാകും.
രാഷ്ട്രപതി ഭവൻ സന്ദർശിക്കാനുള്ള ടിക്കറ്റ് നിരക്ക്?
ഓരോ സർക്യൂട്ടിലും ഒരു സന്ദർശകന് 50 രൂപയാണ് രജിസ്ട്രേഷൻ ചാർജ്. 30 പേർ അടങ്ങുന്ന ഒരു സന്ദർശക സംഘത്തിന് ഓരോ സന്ദർശനത്തിനും 1200 രൂപയാണ് ഈടാക്കുക. എട്ട് വയസ്സിന് താഴെയുള്ള കുട്ടികളെ രാഷ്ട്രപതി ഭവൻ സന്ദർശനത്തിനുള്ള രജിസ്ട്രേഷൻ നിരക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 30-ലധികം പേരുള്ള ഒരു ഗ്രൂപ്പിലെ സന്ദർശകർക്ക് 1200 രൂപയും അധിക സന്ദർശകനിൽ നിന്ന് 50 രൂപയും ഈടാക്കും. രജിസ്ട്രേഷൻ ചാർജുകൾ റീഫണ്ടോ കൈമാറ്റം ചെയ്യാനോ സാധിക്കില്ല.
രാഷ്ട്രപതി ഭവൻ സന്ദർശനത്തിനായി എങ്ങനെ ബുക്കിംഗ് നടത്താം?
രജിസ്ട്രേഷൻ ചാർജുകൾ ഓൺലൈനായോ റിസപ്ഷനിൽ സന്ദർശിക്കുന്ന സമയത്തോ അടയ്‌ക്കേണ്ടതാണ്. നിങ്ങളുടെ രാഷ്ട്രപതി ഭവൻ സന്ദർശന ടിക്കറ്റുകൾ ഇവിടെ ബുക്ക് ചെയ്യാം: https://rashtrapatisachivalaya.gov.in/rbtour/.
ഏത് ദിവസങ്ങളിൽ നിങ്ങൾക്ക് രാഷ്ട്രപതി ഭവൻ മ്യൂസിയം കോംപ്ലക്സ് (സർക്യൂട്ട് 2) സന്ദർശിക്കാം?
ഗസറ്റഡ് അവധി ദിവസങ്ങളിൽ ഒഴികെ ചൊവ്വാഴ്ച മുതൽ ഞായർ വരെ ആഴ്ചയിൽ ആറ് ദിവസവും രാഷ്ട്രപതി ഭവൻ മ്യൂസിയം കോംപ്ലക്സ് സന്ദർശിക്കാം. മ്യൂസിയം സമുച്ചയത്തിൽ സ്റ്റേബിളുകളും പുരാവസ്തുക്കളും ആണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
എപ്പോഴാണ് ഗാർഡിന്റെ മാറ്റം ചടങ്ങ് നടക്കുന്നത്?
എല്ലാ ശനിയാഴ്ചകളിലും രാവിലെ 8 മുതൽ 9 വരെ രാഷ്ട്രപതിഭവൻ ഫോർകോർട്ടിലെ ഗാർഡ് മാറ്റ ചടങ്ങിന് നിങ്ങൾക്ക് സാക്ഷ്യം വഹിക്കാം. പ്രസിഡന്റിന്റെ അംഗരക്ഷകരുടെ പുതിയ സംഘത്തെ ചുമതലയേൽപ്പിക്കാൻ എല്ലാ ആഴ്‌ചയും നടക്കുന്ന ഒരു സൈനിക പാരമ്പര്യമാണ് ഗാർഡ് മാറ്റ ചടങ്ങ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...