മുംബൈ ∙ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനം. ഇതോടെ 6.25 ശതമാനമാണ് പുതുക്കിയ റിപ്പോ നിരക്ക്. കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിരക്കു കുറഞ്ഞതോടെ ഭവന, വാഹന വായ്പാ നിരക്കുകളിൽ മാറ്റമുണ്ടാകും. റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ സ്ഥാനമേറ്റ ശേഷമുള്ള ആദ്യ വായ്പാ നിരക്കാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗവർണർ ഒറ്റക്ക് നയം രൂപീകരിക്കുന്നത് മാറി, ഗവർണർകൂടി അംഗമായ ആറംഗ സമിതി നയം തീരുമാനിക്കുന്ന ആദ്യ അവസരമാണിത്. അതിനാൽത്തന്നെ ഗവർണർ ഒറ്റക്ക് വായ്പനയം തീരുമാനിക്കുന്ന നിലവിലെ രീതിക്ക് ഇന്നത്തെ പ്രഖ്യാപനത്തോടെ അവസാനമായി. റിസര്‍വ് ബാങ്കിന്‍റെ അടുത്ത വായ്പാ നയം ഡിസംബര്‍ ഏഴിന് പുറത്തുവിടും.


2017ല്‍ നാണ്യപ്പെരുപ്പ തോത് നാല് ശതമാനമായി നിലനിര്‍ത്തുകയെന്നതാണ് ആര്‍ബിഐയുടെ ലക്ഷ്യം. തത്കാലം അതിന് ഒട്ടേറെ പ്രതികൂല ഘടകങ്ങളുണ്ട്. എന്നാല്‍, മൊത്തം ആഭ്യന്തര ഉത്പാദന ലക്ഷ്യം കൈവരിക്കാന്‍ സമ്പദ് വ്യവസ്ഥയ്ക്കാകുമെന്ന് നാണ്യനയ പഠനം കരുതുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇത്തവണ നിരക്ക് ചെറുതായെങ്കിലും കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറായത്.