കോണ്‍ഗ്രസിന് വേണ്ടി ക്യാമ്പയിന്‍ നയിക്കില്ല, നിലപാട് വ്യക്തമാക്കി പ്രശാന്ത് കിഷോര്‍
മധ്യ പ്രദേശ് ഉപതിരഞ്ഞെടുപ്പ് ഏതു വിധേനയും ജയിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്ന കോണ്‍ഗ്രസിന് ആദ്യ തിരിച്ചടി...
ന്യൂഡല്‍ഹി: മധ്യ പ്രദേശ് ഉപതിരഞ്ഞെടുപ്പ് ഏതു വിധേനയും ജയിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്ന കോണ്‍ഗ്രസിന് ആദ്യ തിരിച്ചടി...
മധ്യ പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കില്ല എന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. മധ്യപ്രദേശ് നിയമസഭ ഉപ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി ക്യാമ്പയിന്‍ നയിക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
താന്‍ ആരുടേയും ക്ഷണം സ്വീകരിച്ചിട്ടില്ല എന്നും കോണ്‍ഗ്രസിന് വേണ്ടി ക്യാമ്പയിന്‍ നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
"മുന്‍മുഖ്യമന്ത്രി കമല്‍ നാഥ് മാത്രമല്ല, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സി൦ഗും ക്യാമ്പയിന്‍ നയിക്കണമെന്നാവശ്യപ്പെട്ട് എന്നെ സമീപിച്ചിരുന്നു. പക്ഷേ ഞാന്‍ ഇതുവരെ അവരുടെ ക്ഷണം സ്വീകരിച്ചിട്ടില്ല. കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല", പ്രശാന്ത് കിഷോര്‍ പറഞ്ഞു.
തനിക്ക് ചെറിയ കഷണങ്ങളായി ( टुकड़ों में काम नहीं कर सकते) പ്രവർത്തിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. BJP പ്രതിപക്ഷത്തെ പരിഹസിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് 'ടുക്കടെ ഗാങ്ങ്' എന്നത്. തന്‍റെ നിലപാട് വ്യക്തമാക്കാന്‍ പ്രശാന്ത് കിഷോറും ഇതേ പദമാണ് ഉപയോഗിച്ചത്. മധ്യ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ സഹായം തേടാതെ ഉപതിരഞ്ഞെടുപ്പില്‍ തന്ത്രം മെനയാന്‍ തന്നെ സമീപിച്ചതുമാവാം ഈ പ്രതികരണത്തിന് പിന്നില്‍. എന്തായാലും പ്രശാന്ത് കിഷോര്‍ തന്‍റെ നിലപാട് വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് പാളയത്തില്‍ നിരാശ പടര്‍ന്നിരിയ്ക്കുകയാണ്.
എന്നാല്‍, പ്രശാന്ത് കിഷോറിന്‍റെ നിലപാട് ആശ്വാസം നല്‍കിയിരിക്കുന്നത് മധ്യ പ്രദേശ് ബിജെപിയ്ക്കാണ്.
2014ല്‍ BJP നേടിയ തകര്‍പ്പന്‍ വിജയത്തിന് പിന്നില്‍ ഈ രാഷ്ട്രീയ തന്ത്രജ്ഞന്‍റെ കൂര്‍മ്മ ബുദ്ധിയായിരുന്നു. എന്നാല്‍, പിന്നീട് അന്ന് ബി.ജെ.പി അധ്യക്ഷനായ അമിത് ഷായുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം, BJPയുടെ ശക്തമായ വെല്ലുവിളി നേരിടുന്ന പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിക്കുവേണ്ടിയും തമിഴ്‌നാട്ടില്‍ എം.കെ സ്റ്റാലിന്‍റെ ഡി.എം.കെയ്ക്കുവേണ്ടിയും പ്രചാരണ ചുമതല ഇദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലും അടുത്ത വര്‍ഷമാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക.
മധ്യപ്രദേശില്‍ 24 സീറ്റുകളിലേക്കാണ് ഉപ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.