ബക്രീദിന് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്; കേരളം ഇന്ന് തന്നെ മറുപടി നൽകണമെന്ന് Supreme Court
വിഷയത്തിൽ മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: ബക്രീദിന് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ (Lockdown restrictions) ഇളവ് അനുവദിച്ചതിൽ കേരളം ഇന്ന് തന്നെ വിശദീകരണം നൽകണമെന്ന് സുപ്രീംകോടതി. വിഷയത്തിൽ മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ബക്രീദ് പ്രമാണിച്ച് വലയി തോതിൽ ഇളവുകൾ നൽകിയിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയെ (Supreme court) അറിയിച്ചിരുന്നു.
ആരോഗ്യവിദഗ്ധരുമായി ആലോചിക്കാതെയാണ് തീരുമാനമെടുത്തതെന്ന് ഹർജിയിൽ ആരോപിക്കുന്നു. കേരളത്തിലും മഹാരാഷ്ട്രയിലും വർധിച്ചുവരുന്ന കൊവിഡ് കേസുകളുടെ എണ്ണം കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി (Prime Minister) ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കേരള സർക്കാരിന്റെ തീരുമാനമെന്നും ഹർജിയിൽ പറയുന്നു. ബക്രീദിന് മൂന്ന് ദിവസത്തെ ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ച കേരള സർക്കാരിന്റെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.
ALSO READ: Bakrid 2021 : ബക്രീദ് അവധി ജൂലൈ 21ലേക്ക് മാറ്റി, 20-ാം തിയതി പ്രവർത്തി ദിവസം
രണ്ട് ശതമാനം ടിപിആർ ഉള്ള ഉത്തർപ്രദേശിൽ കൊവിഡ് സാഹചര്യത്തിൽ മതചടങ്ങുകൾ സുപ്രീംകോടതി തടഞ്ഞതായി ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. പികെഡി നമ്പ്യാരാണ് കേരളത്തിൽ ലോക്ക്ഡൗൺ ഇളവുകൾ നൽകിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
കേരളത്തിൽ ടിപിആർ 10 ശതമാനത്തിന് മുകളിലാണ്. രാജ്യത്ത് നിലവിൽ ഏറ്റവും അധികം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. ഈ സാഹചര്യത്തിലും ബക്രീദ് ആഘോഷത്തിനായി മൂന്ന് ദിവസത്തെ ഇളവുകൾ നൽകിയിരിക്കുകയാണെന്നും ഹർജിക്കാരൻ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോൺസൽ ജി പ്രകാശ് വ്യക്തമാക്കി. സംസ്ഥാനത്ത് നേരത്തെ തന്നെ കടകൾ തുറക്കാൻ അനുമതി നൽകിയിരുന്നുവെന്ന് ജി പ്രകാശ് കോടതിയെ അറിയിച്ചു.
ALSO READ: Bakrid 2021: തൊട്ടാൽ പൊള്ളും.. ചിക്കന് കൂടിയത് 80 രൂപ; ഒപ്പം ബീഫും, മീനും
കേന്ദ്ര സർക്കാർ (Central government) നൽകിയ നിർദേശങ്ങളും ലോക്ക്ഡൗൺ ഇളവുകളും സംസ്ഥാന സർക്കാർ കൃത്യമായി പാലിക്കുന്നതായും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് സർക്കാർ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചത്. നാളെ ഒന്നാമത്തെ കേസായി കേരളത്തിലെ ലോക്ക്ഡൗൺ ഇളവുകളെ സംബന്ധിച്ച കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയങ്ങളിൽ ശക്തമായ ഇടപെടൽ ഉണ്ടാകും എന്നും കോടതി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA