ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ മുതിര്‍ന്ന ജ‍‍ഡ്ജിമാര്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ നാളെ പരിഹരിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. ജഡ്ജിമാരുടെ പ്രതിഷേധം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വാര്‍ത്താ ഏജന്‍സികള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് അറ്റോര്‍ണി ജനറല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജഡ്ജിമാരുടെ പരസ്യ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് ശര്‍മ, എ.ജിക്കൊപ്പം മാധ്യമങ്ങളെ കാണുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആ തീരുമാനം മാറ്റി. 


ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം ചീഫ് ജസ്റ്റിസ് എ.ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ചില പ്രതിനിധികള്‍ വഴി പ്രതിഷേധം ഉയര്‍ത്തിയ ജഡ്ജികളുമായി അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. ജുഡീഷ്യറിയുടെ അകത്തെ പ്രശ്നങ്ങള്‍ അവിടെ തന്നെ പരിഹരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് കേന്ദ്രസര്‍ക്കാരും സ്വീകരിച്ചത്. 


ജഡ്ജിമാര്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ ഗൗരവമുള്ളതാണെന്നും അടിയന്തരമായി പരിഹരിക്കണമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നിരുന്നു. ജഡ്ജിമാരുടെ പൊട്ടിത്തെറിക്ക് കാരണമായ ജസ്റ്റിസ്. ബി. എച്ച് ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച ഹര്‍ജിയില്‍ തിങ്കളാഴ്ച കോടതി വാദം കേള്‍ക്കും. കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി. 


രാജ്യത്തിന്‍റെ നീതിന്യായ ചരിത്രത്തിലെ അസാധാരണ സംഭവ വികാസങ്ങള്‍ക്കാണ് ഇന്ന് സുപ്രീം കോടതി സാക്ഷിയായത്. കോടതി നടപടി ബഹിഷ്കരിച്ച മുതിര്‍ന്ന ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ജനാധിപത്യം അപകടകരമായി അവസ്ഥയിലാണെന്ന് മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞു. നീതിന്യായ വ്യവസ്ഥയിലെ പ്രശ്നങ്ങള്‍ ജഡ്ജിമാര്‍  ഇത്തരത്തില്‍ വാര്‍ത്താസമ്മേളനം നടത്തി പരസ്യമാക്കുന്നത് ഇത് ആദ്യമായാണ്. 


കേസുകള്‍ ജഡ്ജിമാര്‍ക്ക് വിടുന്നതില്‍ ഏകപക്ഷീയ തീരുമാനങ്ങളാണ് ചീഫ് ജസ്റ്റിസ് എടുക്കുന്നതെന്നും സുപ്രീം കോടതിയിലെ ഭരണസംവിധാനത്തില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുവെന്നും ജസ്റ്റിസ് ചെമലേശ്വര്‍ ആരോപിച്ചു. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ ആത്മാവിനെ വിറ്റെന്ന കുറ്റപ്പെടുത്തല്‍ നടത്താതിരിക്കാനാണ് ഇത്തരമൊരു നടപടിയെന്നും ജസ്റ്റിസ് ചെമലേശ്വര്‍ വ്യക്തമാക്കി.