മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രിയുടെ കാറില്‍ നിന്ന്‌ 91 ലക്ഷം പിടികൂടി. ബിജെപി നേതാവും സഹകരണമന്ത്രിയുമായ സുഭാഷ് ദേശ്മുഖിന്‍റെ പേരിലുള്ള സോളാപൂര്‍ ആസ്ഥാനമായുള്ള ലോക് മംഗല്‍ ഗ്രൂപ്പിന്‍റെ വാഹനത്തില്‍ നിന്നുമാണ് പണം കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പണം പിടിച്ചെടുക്കുമ്പോള്‍ ലോക്മംഗലിന്‍റെ ഒരു ജീവനക്കാരനും വാഹനത്തില്‍ ഉണ്ടായിരുന്നു. പണം ഗ്രൂപ്പിന്‍റെ ബാങ്കിന്റേതാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മന്ത്രി ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. മന്ത്രി സ്ഥലത്തില്ലെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്.


സംഭവം ആദായ നികുതി വകുപ്പിനേയും പൊലീസിനേയും അറിയിച്ചിടുണ്ടെന്ന് കളക്ടര്‍ പ്രശാന്ത് നരന്‍വേര്‍ അറിയിച്ചു. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഫ്‌ളൈയിംഗ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയതെന്ന്  പ്രശാന്ത്  അറിയിച്ചു. 


മന്ത്രിയുടെ കാറില്‍ നിന്ന് പണം പിടിച്ചെടുത്തതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മന്ത്രിയെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്ന് എന്‍സിപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.