Russia Ukraine War : റഷ്യ - യുക്രൈൻ വിഷയത്തിൽ ഇന്ത്യ നിഷ്‌പക്ഷ നിലപാട് തുടരും: വിദേശകാര്യ സഹമന്ത്രി
ഒരു സമാധാനപരമായ പരിഹാരത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
യുക്രൈനിൽ റഷ്യ യുദ്ധം ആരംഭിച്ച സാഹചര്യത്തിൽ ഇന്ത്യ നിലപാട് പ്രഖ്യാപിച്ചു. വിഷയത്തിൽ ഇന്ത്യ നിഷ്‌പക്ഷ നിലപാട് തുടരുമെന്ന് വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് പറഞ്ഞു. ഒരു രാജ്യത്തിനൊപ്പവും ഇന്ത്യ ഇപ്പോൾ ചേരുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു സമാധാനപരമായ പരിഹാരത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇതിന് മുമ്പും വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്. അതേസമയം യുക്രൈനിൽ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാരെ തിരിച്ചത്തിക്കാൻ ഇന്ത്യ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി മറ്റ് രാജ്യങ്ങളുടെ സഹായവും ഇന്ത്യ അഭ്യർഥിച്ചിട്ടുണ്ട്. കൂടാതെ യുക്രൈനിലെ നിലവിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ച് വരികെയാണെന്നും അറിയിച്ചിട്ടുണ്ട്.
യുക്രൈനിലെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇന്ത്യയിലെ യുക്രൈൻ അംബാസിഡർ ഇഗോർ പോളികോവ് രംഗത്തെത്തിയിരുന്നു. ഇന്ത്യ നിഷ്‌പക്ഷ നിലപാട് സ്വീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചതോട് കൂടിയാണ് ഈ അഭ്യർത്ഥനയുമായി യുക്രൈൻ അംബാസഡർ എത്തിയത്. ഇതേസമയം യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തിൽ രാജ്യത്ത് അതീവ ആശങ്ക നിലനിൽക്കുന്നുണ്ട്.
മനുഷ്യത്വത്തിന്റെ പേരിലെങ്കിലും യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. “പ്രസിഡന്റ് പുടിൻ, മനുഷ്യത്വത്തിന്റെ പേരിൽ, നിങ്ങളുടെ സൈന്യത്തെ പിൻവലിക്കൂ,” യുക്രൈനിലെ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിന് ശേഷം ഗുട്ടെറസ് പറഞ്ഞു. യുദ്ധത്തിന്റെ അനന്തരഫലങ്ങൾ യുക്രൈന് വിനാശകരവും ആഗോള സമ്പദ്‌വ്യവസ്ഥയെ അത് ബാധിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രൈനോട് റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ കടുത്ത വിമർശനവുമായി അമേരിക്കയും രംഗത്തെത്തിയിരിക്കുകയാണ്. യുക്രൈനെതിരെയുള്ള ആക്രമണത്തിന് റഷ്യ കണക്ക് പറയേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. നീതീകരിക്കനാകാത്ത നടപടിയാണ് റഷ്യയുടേതെന്നും ബൈഡൻ പറഞ്ഞു. യുദ്ധം ജീവഹാനിക്കും കടുത്ത ദുരിതങ്ങളിലേക്കും നയിക്കും. അമേരിക്കയും സഖ്യകക്ഷികളും പങ്കാളികളും ഒരുമിച്ച് ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ബൈഡൻ വ്യക്തമാക്കി.
യുക്രൈനെതിരെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സൈനിക നടപടി തുടങ്ങിയിരിക്കുകയാണ്. പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം താഴെവച്ച് കീഴടങ്ങണമെന്നും യുക്രെൈയൻ സൈന്യത്തോട് റഷ്യൻ പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യയുടെ യുദ്ധ പ്രഖ്യാപനത്തിന് പിന്നാലെ യുക്രൈയിനിന്റെ തലസ്ഥാനമായ കീവിൽ (Blast in Kyiv) സ്‌ഫോടനം നടന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ യുക്രൈൻ വ്യോമപാത അടച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...