ഇന്ത്യയിൽ ദിനംപ്രതി ഇന്ധന വില വർധിക്കുകയാണ്. രാജ്യാന്തര മാർക്കറ്റിലെ ക്രൂഡ് ഓയിൽ വില കൂടുന്നതിനാലാണ് ഇന്ത്യയിൽ ദിവസവും അതിന് ആനുപാതികമായി വില വർധിക്കുന്നതെന്നാണ് എണ്ണ കമ്പനികൾ പറയുന്നത്. ഇന്ത്യക്ക് ആവശ്യമായി വരുന്ന ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതിനാൽ തന്നെ ക്രൂഡ് ഓയിൽ വിലയിലെ മാറ്റം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ നേരിട്ട് ബാധിക്കും.


റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതിന്റെ ഫലമായാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ധന വില ഉയരുന്നത്. എന്നാൽ ക്രൂഡ് ഓയിൽ കുറഞ്ഞ നിരക്കിൽ ലഭിച്ചാൽ ഇന്ധന വില വർധനയെ പിടിച്ചുനിർത്താൻ സാധിക്കില്ലേ? അങ്ങനെ കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ നമുക്ക് തരാൻ ഏതെങ്കിലും രാജ്യം തയ്യാറായാൽ അത് വാങ്ങാൻ നാം എന്തിന് മടിക്കണം? 

 

ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഉത്പാദന രാജ്യമാണ് റഷ്യ. യുക്രൈനിൽ റഷ്യ നടത്തിയ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്ക് രാജ്യാന്തര സമൂഹത്തിൽ വലിയ വിലക്കുകളാണ് നേരിടേണ്ടി വരുന്നത്. ഇതുമൂലം റഷ്യൻ ക്രൂഡിന് വില ഗണ്യമായി കുറഞ്ഞു.

 

റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് വാങ്ങാം

 

യുഎസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് അനവധി ഉപരോധങ്ങളാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനാൽ റഷ്യയിൽ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞു. റഷ്യൻ ക്രൂഡ് വാങ്ങാൻ ആളില്ലാതെ ആയതിനാൽ തന്നെ മറ്റു രാജ്യങ്ങളിലെ ക്രൂഡ് ഓയിലിന് വിലയും കൂടി. ചുരുക്കി പറഞ്ഞാൽ മറ്റ് രാജ്യങ്ങളിൽ ക്രൂഡ് ഓയിലിന് തീപിടിച്ച വിലയാണെങ്കിൽ റഷ്യയിലെ ക്രൂഡ് ആർക്കും വേണ്ടാത്ത അവസ്ഥയാണ്. അങ്ങനെ ഒരു അവസ്ഥ അവർക്ക് വരാൻ കാരണം യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ വിലക്കാണ്. അതിനാൽ ഇന്ത്യയ്ക്ക് റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങാം. 

 

ഇന്ത്യയ്ക്കും വാങ്ങാൻ കഴിയുമോ റഷ്യൻ ക്രൂഡ് 

 

ഇന്ത്യയും റഷ്യയും തമ്മിൽ എല്ലാ കാലത്തും മികച്ച ബന്ധമാണ് സൂക്ഷിച്ചു പോരുന്നത്. ഇതിനാൽ തന്നെ റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങാറുമുണ്ട്. 2021ൽ മാത്രം 12 മില്യൺ ബാരൽ റഷ്യൻ ക്രൂഡ് ആണ് ഇന്ത്യ വാങ്ങിയത്. എന്നാൽ ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ വെറും രണ്ടു ശതമാനം മാത്രമാണ് ഇത്. നിലവിലെ യുഎസ് ഉപരോധത്തിന്റെ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാമോ എന്നതാണ് മറ്റൊരു ചോദ്യം. വാങ്ങരുതെന്നാണ് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ പറയുന്നത്. എന്നാൽ ആവശ്യമായ ക്രൂഡിന്റെ വെറും രണ്ട് ശതമാനം മാത്രമാണ് റഷ്യയിൽ നിന്ന് വാങ്ങുന്നതെന്നും ഇത് തുടരുമെന്നുമാണ് ഇന്ത്യൻ നിലപാട്. 

 

കൂടുതൽ റഷ്യൻ ക്രൂഡ് വാങ്ങാൻ ഇന്ത്യ

 

റഷ്യൻ ക്രൂഡും മറ്റ് രാജ്യങ്ങളുടെ ക്രൂഡും തമ്മിൽ ഇപ്പോൾ വലിയ വില വ്യത്യാസമാണ് ഉള്ളത്. ഇതിനാൽ ഇപ്പോൾ തുടരുന്ന രണ്ട് ശതമാനം റഷ്യൻ ക്രൂഡ് ഇറക്കുമതി തന്നെ ഇന്ത്യയ്ക്ക് ഏറെ ലാഭകരമാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഇറക്കുമതി ചെയ്തിരുന്നില്ല. എന്നാൽ മാർച്ച്, ഏപ്രിൽ മാസത്തേക്ക് ആറ് മില്യൺ ബാരൽ ക്രൂഡിനുള്ള ഓർഡർ ഇന്ത്യ റഷ്യയ്ക്ക് നൽകി കഴിഞ്ഞു. കെപ്ലർ എന്ന കമ്മോഡിറ്റി റിസർച്ച് ഗ്രൂപ്പാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവട്ടിരിക്കുന്നത്. വരും മാസങ്ങളിൽ അമേരിക്കൽ ഉപരോധത്തിന് വില കൽപ്പിക്കാതെ ഇന്ത്യ റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഇറക്കുമതി ചെയ്യുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

 

COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.