Rajasthan Politics: സച്ചിന്‍ പൈലറ്റും രാഹുല്‍ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു ....?
രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ നിര്‍ണ്ണായക വഴിത്തിരിവ്... കോണ്‍ഗ്രസ് നേതാവും മുന്‍ ദേശീയ അദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയും സച്ചിന്‍ പൈലറ്റും തമ്മില്‍ ഉടന്‍ കൂടിക്കാഴ്ച നടക്കുമെന്ന് സൂചന...!!
ന്യൂഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ നിര്‍ണ്ണായക വഴിത്തിരിവ്... കോണ്‍ഗ്രസ് നേതാവും മുന്‍ ദേശീയ അദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയും സച്ചിന്‍ പൈലറ്റും തമ്മില്‍ ഉടന്‍ കൂടിക്കാഴ്ച നടക്കുമെന്ന് സൂചന...!!
18 വിമത എംഎൽഎമാരോടൊപ്പം തന്നെ സന്ദർശിക്കാൻ രാഹുൽ ഗാന്ധി (Rahul Gandhi) സച്ചിന്‍ പൈലറ്റിനോട് ആവശ്യപ്പെട്ടതായാണ് സൂചന. എല്ലാ വിമതരുമായും സംസാരിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും (Priyanaka Gandhi) പങ്കെടുക്കുമെന്നാണ് സൂചന. പ്രിയങ്ക ഗാന്ധിയും സച്ചിന്‍ പൈലറ്റും (Sachin Pilot) തമ്മില്‍ മുന്‍പ് കൂടിക്കാഴ്ച നടന്നിരുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി മുതിര്‍ന്ന നേതാക്കളായ കെ.സി വേണുഗോപാലുമായും അഹമ്മദ് പട്ടേലുമായും സച്ചിന്‍ ഇതിനോടകം ഫോണില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്.
Also red: നിയമസഭാ സമ്മേളനത്തിന്‍റെ തിയതി പ്രഖ്യാപിച്ചതോടെ MLAമാര്‍ക്കും വില കൂടി.... അശോക് ഗെഹ്‌ലോട്ട്
സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജസ്ഥാൻ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തുനിന്നും നീക്കിയ സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രധാന്യമുണ്ട്. കൂടാതെ, ഓഗസ്റ്റ് 14 ന് സംസ്ഥാനത്ത് നിര്‍ണായക നിയമസഭാ യോഗം നടക്കാനിരിയ്ക്കുകയാണ് ഈ പശ്ചാത്തലത്തിലാണ് പൈലറ്റ് ക്യാമ്പും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടക്കുന്നത്.
Also read: രാജസ്ഥാൻ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് വിമതർ
പൈലറ്റിനെയും വിമത എം.എല്‍.എമാരെയും അനുനയിപ്പിച്ച് കൂടെ നിര്‍ത്തണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെടുമ്പോള്‍ വിമതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് രാജസ്ഥാനില്‍ ഗെഹ്‌ലോട്ട് പക്ഷത്തിന്‍റെ നിലപാട്. ഇത് പാര്‍ട്ടിക്കുള്ളില്‍തന്നെ ചില അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയാക്കുന്നുണ്ടെന്നും സൂചനകള്‍ പുറത്തു വരുന്നുണ്ട്.
വിമതര്‍ക്കുവേണ്ടി വാദിക്കാനില്ലെന്ന് രാജസ്ഥാന്‍റെ ചുമതലയുള്ള അവിനാശ് പാണ്ഡെ ഇതിനോടകം അറിയിച്ചിരിക്കുന്നത്.എന്നാല്‍, വിശ്വാസ വോട്ടെടുപ്പില്‍ വിമതര്‍ കോണ്‍ഗ്രസിനൊപ്പം നിന്നാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രഘുവീര്‍ മീണ അഭിപ്രായപ്പെടുന്നത്.
ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം, അതെന്തായാലും പാര്‍ട്ടിയുടെ താൽപ്പര്യം മുന്നില്‍ക്കണ്ട് അത് സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തന്നോടൊപ്പമുള്ള എംഎല്‍എമാരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
കൂടിക്കാഴ്ചയുടെ തീരുമാനം എന്തായാലും, ഓഗസ്റ്റ് 14ന് രാജസ്ഥാൻ നിയമസഭ സമ്മേളിക്കുകയും മുഖ്യമന്ത്രി ഗെഹ്‌ലോട്ട് വിശ്വാസ വോട്ടെടുപ്പ് നേരിടുകയും ചെയ്യുമെന്ന കാര്യത്തില്‍ മാറ്റമില്ല...