ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ കാവിവല്‍ക്കരണം തുടരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് യോഗിയുടെ നെതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം നിയമസഭാ മന്ദിരം, ഹൈക്കോടതി കൂടാതെ നിരവധി പൊലീസ് സ്റ്റേഷന്‍റെയും നിറം മാറ്റി കവി അണിയിച്ചിരുന്നു. 


കാവിവല്‍ക്കരണം പുതിയ ഘട്ടത്തിലേയ്ക്ക് കടന്നത്‌ സംസ്ഥാനത്തെ മാത്രമല്ല രാജ്യത്തെ തന്നെ പുരാതനമായ റെയില്‍വേ സ്റ്റേഷനുകളിലോന്നായ മുഗള്‍സരായ് ജംഗ്ഷന്‍റെ പേര് മാറ്റിയാണ്. മുഗള്‍സരായ് ജംഗ്ഷന്‍ ഇനി മുതല്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍ എന്നായിരിക്കും അറിയപ്പെടുക. ആര്‍എസ്എസ് ചിന്തകനും ജനസംഘത്തിന്‍റെ സ്ഥാപകനുമായിരുന്നു ദീന്‍ദയാല്‍ ഉപാധ്യായ.


കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്‌റ്റേഷന്‍റെ പേരുമാറ്റാനുള്ള അപേക്ഷ നല്‍കിയത്. പാര്‍ലമെന്റില്‍ ഇതേചൊല്ലി കനത്ത പ്രതിഷേധ൦ നടന്നിരുന്നു എങ്കിലും ആഭ്യന്തര മന്ത്രാലയം യോഗി സര്‍ക്കാറിന്‍റെ അപേക്ഷ പരിഗണിക്കുകയായിരുന്നു.


മുഗള്‍സരായ് ജംഗ്ഷൻ ഇന്ത്യയിലെ പുരാതനമായ റെയില്‍വേ സ്റ്റേഷനുകളിലോന്നാണ്. 1862ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഈ സ്റ്റേഷന്‍ നിര്‍മ്മിച്ചത്. ഹൗറ-ഡല്‍ഹി റെയില്‍വേ ലൈനിലാണ് മുഗള്‍സരായ് ജംഗ്ഷന്‍. രാപകലില്ലാതെ സഞ്ചാരികളുടെ ഇടത്താവളമായിരുന്നു ഈ സ്റ്റേഷന്‍.


അതേസമയം, മുഗള്‍സരായ് ജംഗ്ഷന്‍റെ പേരു മാറ്റിയതിനെതിരേ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ രംഗത്തെത്തി. നിങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്യുമ്പോള്‍ നഗരങ്ങളുടേയും സ്റ്റേഷനുകളുടേയും പേരുമാറുന്നു. എന്നാല്‍ എഎപിക്ക് വോട്ടു ചെയ്യുമ്പോള്‍ നിങ്ങളുടെ കുട്ടികളുടെ ഭാവി തന്നെ മാറുന്നു- കേജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.