സമുദ്രസേതു;ഐഎന്‍എസ് ജലാശ്വ ഞായറാഴ്ച്ച കൊച്ചി തീരമണയും!
പ്രവാസികളെയും കൊണ്ടുള്ള ആദ്യ കപ്പല്‍ ഞായറാഴ്ച്ച കൊച്ചിയിലെത്തും.
കൊച്ചി:പ്രവാസികളെയും കൊണ്ടുള്ള ആദ്യ കപ്പല്‍ ഞായറാഴ്ച്ച കൊച്ചിയിലെത്തും.
ഐഎന്‍എസ് ജലാശ്വ വെള്ളിയാഴ്ച്ച രാത്രി മലെദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് തിരിച്ചു.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ യാത്രാ നിരോധനം,
എന്നിവയെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ട് വരുന്നതിനായി
നാവികസേന അയച്ച രണ്ട് കപ്പലുകളില്‍ ആദ്യത്തേത് ആണിത്.
നാവിക സേന ഒപ്പറേഷന്‍ സമുദ്രസേതു എന്ന് പേരിട്ടാണ് ഇന്ത്യക്കാരെ കപ്പല്‍ മാര്‍ഗം തിരികെ എത്തിക്കുന്നത്.
സമുദ്രസേതുവിന്റെ ഭാഗമായ ആദ്യകപ്പലില്‍ 732 യാത്രക്കാരാണ് ഉള്ളത്.
ഇതില്‍ 19ഗര്‍ഭിണികളും 14 കുട്ടികളും ഉണ്ട്.ഇവരെ കര്‍ശന സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ്
കപ്പലില്‍ പ്രവേശിപ്പിച്ചത്.പരമാവധി 48 മണിക്കൂറാണ് യാത്രാസമയമായി നാവികസേന പ്രതീക്ഷിക്കുന്നത്.
കാലാവസ്ഥ അനുകൂലമായാല്‍ അതിലും കുറഞ്ഞ സമയം കൊണ്ട് കൊച്ചിയുടെ തീരത്ത് ജലാശ്വ എത്തും.
ഏകദേശം രണ്ടായിരത്തോളം ഇന്ത്യക്കാരെ മലെദ്വീപില്‍ നിന്ന് മടക്കികൊണ്ട് വരുന്നതിനുള്ള
ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കൊച്ചിക്ക് പുറമേ തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്തും സമുദ്രസേതുവിന്റെ ഭാഗമായി കപ്പലെത്തും.
നാവികസേനയും വിദേശകാര്യ മന്ത്രാലയവും ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ്.