ഇന്ത്യന്‍ നാവികസേനയുടെ സ്‌കോര്‍പീന്‍ അന്തര്‍വാഹിനി ഐ.എന്‍.എസ് ഖണ്ഡേരി നീറ്റിലിറക്കി
മുംബൈ: നാവികസേനയ്ക്ക് കരുത്തു വർധിപ്പിക്കാൻ ഫ്രാൻസിന്‍റെ സഹായത്തോടെ നിര്‍മിച്ച രണ്ടാമത്തെ സ്‌കോര്‍പീന്‍ അന്തര്‍വാഹിനിയായ ഐ.എന്‍.എസ് ഖണ്ഡേരി നീറ്റിലിറക്കി.
മുംബൈയിലെ മസഗോൺ കപ്പൽനിർമാണ ശാലയിലാണ് അന്തർവാഹിനി നിർമ്മിച്ചത്. കേന്ദ്ര പ്രതിരോധസഹമന്ത്രി സുഭാഷ് ഭാംമ്രെ അധ്യക്ഷത വഹിച്ച ചടങ്ങില്‍, മന്ത്രിയുടെ പത്‌നി ബീന ഭാംമ്രെയാണ് മുങ്ങിക്കപ്പല്‍ നീറ്റിലിറക്കിയത്.
66 മീറ്റര്‍ നീളവും 6.2 മീറ്റര്‍ വ്യാസവുമുള്ള അന്തര്‍വാഹിനിക്ക് 3,000 മീറ്റര്‍ ആഴത്തില്‍ വരെ സഞ്ചരിക്കാനാവും.അടിയന്തര ഘട്ടത്തില്‍ 50 ദിവസം വരെ വെള്ളത്തിനടിയില്‍ കഴിയാനും സാധിക്കും. ആറ് മിസൈലുകളും ടോര്‍പ്പിഡോകളും ഇവയില്‍ സജ്ജീകരിക്കാം. ഭൂതലത്തില്‍ നിന്നും ആക്രമണം നടത്താന്‍ ശേഷിയുള്ളവ കൂടിയാണ് ഖണ്ഡേരി.
അതീവ പ്രഹരശേഷിയുള്ള ആയുധങ്ങളാണ് അന്തര്‍വാഹിനിയുടെ പ്രത്യേകത. സമുദ്രോപരിതല ആക്രമണത്തിനും സമുദ്രാന്തര്‍ഭാഗ ആക്രമണത്തിനും കഴിയുന്ന രീതിയിലാണ് ഖണ്ഡേരി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
2017 ഡിസംബർവരെ വിവിധ പരീക്ഷണങ്ങൾക്കായി മുങ്ങിക്കപ്പലിനെ ഉപയോഗിക്കും. 2015 ല്‍ ഒന്നാം സ്‌കോര്‍പീന്‍ നീറ്റിലിറക്കിയിരുന്നു.