ന്യൂഡല്‍ഹി: കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജന് വധഭീഷണി ലഭിച്ചതിനെ തുടര്‍ന്ന്‍ തിഹാര്‍ ജയിലില്‍ സുരക്ഷ ശക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

എതിര്‍ ഗ്രൂപ്പില്‍പ്പെട്ടവരുടെ ജയിലിലെ സംഘാംഗങ്ങള്‍ രാജനെ വധിക്കാന്‍ ശ്രമിക്കുമെന്ന രഹസ്യവിവരം കിട്ടിയതോടെയാണ് സുരക്ഷ ശക്തമാക്കിയിട്ടുള്ളത്. സെല്ലിലും പരിസരത്തുമുള്ള സുരക്ഷ വര്‍ധിപ്പിച്ചതായി ഡല്‍ഹി ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ പറഞ്ഞു.


പഴുതടച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും സുരക്ഷാ ഭീഷണി ഏതുതരത്തിലാണെന്നോ എവിടെനിന്നാണെന്നോ പറയാന്‍ സാധിക്കില്ലെന്നും ഗോയല്‍ അറിയിച്ചു.


ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അധോലോക കുറ്റവാളിയെ കൊലപ്പെടുത്താനുള്ള നീക്കം സംബന്ധിച്ച ഫോണ്‍ സംഭാഷണം അന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തിയതാണ് സുരക്ഷ ശക്തമാക്കിയതിന് കാരണം.


ഛോട്ടാ രാജനെ വധിക്കാന്‍ മുഖ്യ എതിരാളിയായ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ ഡി കമ്പനി പദ്ധതി തയ്യാറാക്കിയെന്ന വിവരമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്.


ദാവൂദിന്റെ സഹായി ഛോട്ടാ ഷക്കിലാണ് സൂത്രധാരനെന്നും സ്ഥിരീകരിക്കാത്ത സൂചനയുണ്ട്. ദാവൂദ് ഇബ്രാഹീമിനൊപ്പം പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള ഒളിത്താവളത്തിലാണ് ഇപ്പോള്‍ ഛോട്ടാ ഷക്കീലുള്ളത്. അധോലോകത്തെ ഛോട്ടാ രാജന്‍റെ ബദ്ധശത്രുവാണ് ഛോട്ടാ ഷക്കീല്‍. 


ദാവൂദ് ഇബ്രാഹീമിന്‍റെ ഡി കമ്പനിയുടെ നീക്കങ്ങളെപ്പറ്റി ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നത് തിഹാര്‍ ജയിലില്‍ കഴിയുന്ന ഛോട്ടാ രാജനില്‍ നിന്നുമാണ് എന്നതാണ് കൊലപ്പെടുത്താനുള്ള പദ്ധതിയ്ക്ക് പിന്നിലെന്നാണ് സൂചന. 


കള്ളനോട്ട് കടത്തും കയത്തുമരുന്ന് കടത്തും അടക്കമുള്ളവയെപ്പറ്റി മുമ്പ് ഡി കമ്പനിയുടെ ഭാഗമായിരുന്ന ഛാട്ടാ രാജന്‍വഴി അന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ ചോര്‍ത്തുവെന്നാണ് അധോലോക കുറ്റവാളികള്‍ കരുതുന്നത്. നേപ്പാളും ബംഗ്ലാദേശും കേന്ദ്രീകരിച്ചാണ് ദാവൂദ് സംഘത്തിന്‍റെ കള്ളനോട്ട് മയക്കുമരുന്ന് വിതരണങ്ങള്‍.