കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിലെ എഗ്രയിൽ പ്രവർത്തിക്കുന്ന അനധികൃത പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നത്. വൻ സ്ഫോടനമാണ് പ്രദേശത്ത് ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

പശ്ചിമ ബംഗാൾ-ഒഡീഷ അതിർത്തിക്കടുത്തുള്ള ഗ്രാമത്തിലെ ഒരു വീട്ടിലാണ് അനധികൃത പടക്ക നിർമാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നതെന്ന് മുഖ്യമന്ത്രി മമത ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും മമത ബാനർജി അറിയിച്ചു. സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അവർ പറഞ്ഞു.


സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം നടത്തണമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു. സമീപത്തെ കുളത്തിൽ ഉൾപ്പെടെ ശരീരഭാഗങ്ങളും അവശിഷ്ടങ്ങളും ചിതറിക്കിടക്കുകയാണ്. സ്ഫോടനം ഉണ്ടായ പ്രദേശം യുദ്ധഭൂമി പോലെ ആയെന്ന് ​ഗ്രാമീണർ പിടിഐയോട് പറഞ്ഞു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2.5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷൻ അറിയിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ നൽകും. അവരുടെ ചികിത്സാ ചിലവും സംസ്ഥാന സർക്കാർ വഹിക്കും.


ALSO READ: Crime: എയർ ഹോസ്റ്റസിന് നേരെ ലൈം​ഗികാതിക്രമം; യാത്രക്കാരൻ പിടിയിൽ


പ്രദേശത്ത് അനധികൃത പടക്ക നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെടുകയോ നടപടിയെടുക്കുകയോ ചെയ്യാത്തതിനാൽ എഗ്ര പോലീസ് സ്റ്റേഷനിലെ ലോക്കൽ പോലീസ് മേധാവിക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. എൻഐഎ അന്വേഷണം വേണമെന്ന ബിജെപിയുടെ ആവശ്യത്തെ കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി, അന്വേഷണം കേന്ദ്ര ഏജൻസി ഏറ്റെടുക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് പറഞ്ഞു. എൻഐഎ അന്വേഷണത്തോട് ഞങ്ങൾക്ക് എതിർപ്പില്ല. എന്നാൽ സിഐഡിയുടെ അന്വേഷണം ഇതിനകം ആരംഭിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.


മരിച്ച അഞ്ച് പേരും പരിക്കേറ്റ ഏഴ് പേരും ഫാക്ടറിയിൽ ജോലി ചെയ്യുന്നവരാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഫാക്ടറി നടത്തിയതിന് കഴിഞ്ഞ വർഷം ഒക്ടോബറിൽ അറസ്റ്റിലായ അനധികൃത പടക്ക നിർമാണ യൂണിറ്റിന്റെ ഉടമ സ്ഫോടനത്തിന് ശേഷം അയൽസംസ്ഥാനമായ ഒഡീഷയിലേക്ക് രക്ഷപ്പെട്ടതായി മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.


കഴിഞ്ഞ വർഷം ഒക്ടോബറിൽ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ഇയാൾക്ക് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. സ്‌ഫോടനം നടന്നയുടൻ ഇയാൾ സംസ്ഥാനം വിട്ടു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുന്നതിനായി ഒഡീഷ പോലീസുമായി ചേർന്ന് നടപടികൾ ആരംഭിക്കുമെന്ന് പോലീസ് പറഞ്ഞു.
സംഭവം നടന്ന പഞ്ചായത്ത് നിയന്ത്രിക്കുന്നത് ബിജെപിയുടെ പിന്തുണയുള്ള ഒരു സ്വതന്ത്ര രാഷ്ട്രീയക്കാരനാണെന്നും ഇവർ ടിഎംസി പ്രവർത്തകരെ ഗ്രാമത്തിൽ പ്രവേശിപ്പിക്കുന്നില്ലെന്നും ടിഎംസി മേധാവി ആരോപിച്ചു.


സംഭവസ്ഥലം സന്ദർശിച്ച പോലീസുകാരെ നാട്ടുകാർ ആക്രമിച്ചു. പോലീസുകാരെ മർദിക്കാൻ ബിജെപിയും സിപിഎമ്മും ആളുകളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് ആരോപിച്ച മമത ബാനർജി കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി. പോലീസ് നിയമം സംരക്ഷിക്കുന്നവരാണ്. നിയമപാലകരെ ആക്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ജനങ്ങൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, പക്ഷേ പോലീസുകാരെ ആക്രമിക്കുന്നത് അം​ഗീകരിക്കാനാകില്ല. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. പരിസ്ഥിതി മന്ത്രി മനസ് രഞ്ജൻ ഭൂനിയയോടും മറ്റൊരു പ്രാദേശിക എംഎൽഎയോടും അപകടം നടന്ന സ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.