ന്യൂഡല്‍ഹി: നാഗ്പുരിലെ ആര്‍എസ്എസ് പരിപാടിയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്നു പ്രസംഗിക്കാനിരിക്കെ എതിര്‍പ്പുമായി അദ്ദേഹത്തിന്‍റെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിസ്ത മുഖര്‍ജി രംഗത്തെത്തി. ബിജെപിക്കും ആര്‍എസ്എസിനും തെറ്റായ കഥകളുണ്ടാക്കാന്‍ പ്രണബ് മുഖര്‍ജി അവസരമൊരുക്കുകയാണ് ചെയ്യുന്നതെന്ന് മകള്‍ ട്വിറ്ററില്‍ കുറിച്ചു. ഇത് ഒരു തുടക്കമാണെന്നും പ്രണബിനോട് മകള്‍ ഉപദേശിക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഒരുപക്ഷേ മറന്നുപോയേക്കാം, പക്ഷേ ദൃശ്യങ്ങള്‍ ബാക്കിയുണ്ടാകും. ആ ദൃശ്യങ്ങള്‍ക്കൊപ്പം പ്രണബിന്‍റെതെന്ന പേരില്‍ ആര്‍എസ്എസ് നുണകള്‍ പ്രചരിപ്പിക്കുകയും ചെയ്യും. ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങളെക്കുറിച്ച് മുന്‍ രാഷ്ട്രപതി മനസിലാക്കുമെന്നാണു പ്രതീക്ഷയെന്നും ശര്‍മിസ്ത ട്വിറ്ററില്‍ കുറിച്ചു. ശര്‍മിസ്ത ബിജെപിയില്‍ ചേരാന്‍ പോകുകയാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ഉയര്‍ന്നുവന്നതിന്‍റെ കൂടി പശ്ചാത്തലത്തിലാണു പ്രതികരണം.


 



 



 


‘ഞാന്‍ ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്ത ഒരു ‘ടോര്‍പിഡോ’ വന്നിടിച്ചതു പോലെയാണു കേട്ടത്. കോണ്‍ഗ്രസില്‍ വിശ്വാസമുള്ളതുകൊണ്ടു മാത്രമാണ് രാഷ്ട്രീയത്തില്‍ ഞാന്‍ ഇറങ്ങിയതു തന്നെ. കോണ്‍ഗ്രസ് വിട്ടാല്‍ അതിനര്‍ഥം രാഷ്ട്രീയവും ഉപേക്ഷിച്ചു എന്നാണെന്ന് ശര്‍മിസ്ത പറഞ്ഞു. ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നില്‍ ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണെന്നും ശര്‍മിഷ്ഠ പറഞ്ഞു. 2014ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശര്‍മിസ്ത മഹിളാ കോണ്‍ഗ്രസിന്‍റെ പ്രസിഡന്റും ഡല്‍ഹിയിലെ പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍ വിഭാഗം മേധാവിയുമാണ്.