Sikkim flash flood: സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരണം 18 ആയി; 98 പേർക്കായി തിരച്ചിൽ തുടരുന്നു
Sikkim flood missingമേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 22 സൈനികർ ഉൾപ്പെടെ 98 പേരെ കാണാതായി. ഇതുവരെ 18 മൃതദേഹങ്ങൾ കണ്ടെത്തിയതായി ചീഫ് സെക്രട്ടറി വിബി പഥക് പറഞ്ഞു.
ഗാങ്ടോക്: സിക്കിമിൽ മിന്നൽ പ്രളയത്തിൽ മരണം 18 ആയി. സൈനികർ ഉൾപ്പെടെ 98 പേർക്കായി തിരച്ചിൽ തുടരുന്നു. കരസേനയും എൻഡിആർഎഫും തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ച പുലർച്ചെ വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 22 സൈനികർ ഉൾപ്പെടെ 98 പേരെ കാണാതായി. ഇതുവരെ 18 മൃതദേഹങ്ങൾ കണ്ടെത്തിയതായി ചീഫ് സെക്രട്ടറി വിബി പഥക് പറഞ്ഞു. 18 മൃതദേഹങ്ങളിൽ നാലെണ്ണം സൈനികരാണെന്ന് തിരിച്ചറിഞ്ഞതായി അയൽ സംസ്ഥാനമായ പശ്ചിമ ബംഗാൾ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, കാണാതായ 22 സൈനികരിൽ ഉൾപ്പെട്ടവരാണോ ഇവരെന്ന് വ്യക്തമായിട്ടില്ല. നിവരധി പേർ പരിക്കേറ്റ് സിക്കിമിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതുവരെ 2,011 പേരെ രക്ഷപ്പെടുത്തി. 22,034 പേരെ ദുരന്തം ബാധിച്ചതായും സിക്കിം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്എസ്ഡിഎംഎ) അറിയിച്ചു. വടക്കൻ സിക്കിമിലെ ലാചെൻ, ലാചുങ്, സമീപ പ്രദേശങ്ങളിൽ കുടുങ്ങിയ വിനോദസഞ്ചാരികൾ സുരക്ഷിതരാണെന്ന് സൈന്യത്തിന്റെ 27-ാമത് മൗണ്ടൻ ഡിവിഷനിലെ ഉദ്യോഗസ്ഥർ അറിയിച്ചു. കണക്കുകൾ പ്രകാരം വിദേശികളടക്കം 3000 വിനോദസഞ്ചാരികൾ സിക്കിമിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
വിനോദസഞ്ചാരികളുടെ ഒഴിപ്പിക്കലിന് മുൻഗണന നൽകിയിട്ടുണ്ടെന്നും അവരെ വിമാനമാർഗം മാംഗാനിലേക്ക് കൊണ്ടുപോകാനും അവിടെ നിന്ന് റോഡ് മാർഗം മാറ്റാനുമാണ് തീരുമാനം. കാലാവസ്ഥ അനുകൂലമാണെങ്കിൽ, ലാച്ചനിലും ലാച്ചുങ്ങിലും കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ നാളെ മുതൽ ഒഴിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു . ഇന്ത്യൻ വ്യോമസേനയുടെയും കരസേനയുടെയും ഹെലികോപ്ടറുകൾ വ്യാഴാഴ്ച ലാച്ചൻ, ലാചുങ്, ചുങ്താങ് എന്നിവിടങ്ങളിലേക്ക് അയയ്ക്കാൻ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം സാധിച്ചില്ല.
ALSO READ: Sikkim Cloudburst: മരണ സംഖ്യ ഉയരുന്നു; 102 പേർക്കായി തിരച്ചിൽ
വടക്കൻ സിക്കിമിൽ പ്രദേശവാസികളുടെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കാൻ എൻഡിആർഎഫ് പ്ലാറ്റൂണുകളും സജ്ജമാണ്. ടീസ്റ്റ നദിയിലെ വെള്ളപ്പൊക്കം മൂലം വലിയ നാശനഷ്ടം സംഭവിച്ച സിങ്തം പട്ടണത്തിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. സിങ്തമിലും സമീപത്തെ വ്യാവസായിക മേഖലയായ ഐബിഎമ്മിലും ജല-വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളുടെ പുനഃസ്ഥാപിച്ചു. മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായ സിങ്തം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
പ്രളയത്തിൽ സംസ്ഥാനത്ത് 11 പാലങ്ങൾ തകർന്നു, ഇതിൽ മംഗൻ ജില്ലയിൽ മാത്രം എട്ട് പാലങ്ങൾ ഒലിച്ചുപോയി. നാംചിയിൽ രണ്ട് പാലങ്ങളും ഗാംഗ്‌ടോക്കിൽ ഒരു പാലവുമാണ് തകർന്നത്. നാശനഷ്ടമുണ്ടായ നാല് ജില്ലകളിലായി ജല വിതരണത്തിനുള്ള പൈപ്പ് ലൈനുകളും മലിനജല ലൈനുകളും ഉൾപ്പെടെ 277 വീടുകളും നശിച്ചു. താഴ്ന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് കാണാതായ 22 സൈനികർക്കായുള്ള തിരച്ചിൽ തുടരുന്നത്. കാരണം നദിയിലെ ശക്തമായ ഒഴുക്ക് വടക്കൻ പശ്ചിമ ബംഗാളിലേക്ക് താഴ്ന്ന പ്രദേശങ്ങളിലേക്ക് കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. 18 മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതിൽ ആറ് മൃതദേഹങ്ങൾ - നാല് ജവാൻമാരും രണ്ട് സാധാരണക്കാരും - തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്- പശ്ചിമ ബംഗാൾ സർക്കാർ ഒരു പ്രസ്താവനയിൽ പറഞ്ഞു. വടക്കൻ സിക്കിമിൽ, അവശ്യ സാധനങ്ങളുമായി ഹെലികോപ്റ്ററുകൾ അയച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...