ന്യൂഡല്‍ഹി: ഡല്‍ഹി ഭരണത്തലവന്‍ ലെഫ്റ്റനന്റ് ഗവര്‍ണറാണോ സര്‍ക്കാരാണോ എന്ന തര്‍ക്ക വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ പി. ചിദംബരം സുപ്രീംകോടതിയില്‍ ഹാജരാകും. സുപ്രീംകോടതിയില്‍ ഡല്‍ഹി സര്‍ക്കാരിനുവേണ്ടി ഭരണഘടന ബെഞ്ചിനെ അഭിമുഖീകരിക്കുന്ന 9 അഭിഭാഷകരില്‍ ഒരാളാണ് ചിദംബരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹിയുടെ ഭരണത്തലവന്‍ ലെഫ്റ്റനന്റ് ഗവര്‍ണറാണ് എന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്താണ് ആം ആദ്മി സുപ്രീംകോടതിയെ സമീപിക്കുന്നത്. കേസില്‍ ഡല്‍ഹി സര്‍ക്കാരിനു വേണ്ടി ഹാജരാകാനാണ് ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ ചിദംബരത്തെ സമീപിച്ചത്.


ഡല്‍ഹിയുടെ ഭരണകാര്യവുമായി ബന്ധപ്പെട്ട് ലെഫ്റ്റനന്റ് ഗവര്‍ണറും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴും മാധ്യമങ്ങളില്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ഡല്‍ഹി സർക്കാരിന്‍റെയും കേന്ദ്രഭരണ പ്രദേശത്തിന്‍റെയും അധികാരത്തെ സംബന്ധിച്ച് തക്കതായ അറിവുള്ള ആളാണ് ചിദംബരം, അദ്ദേഹം വളരെ പ്രൊഫഷണല്‍ ആണ്, ഡല്‍ഹി സര്‍ക്കാരിന്‍റെ വക്താവിന്‍റെ അഭിപ്രായപ്പെട്ടു.    


അതേസമയം, തെരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി സര്‍ക്കാര്‍ അധികാരമില്ലാത്ത ഒന്നായി കരുതുന്നില്ല എന്ന് ചിദംബരവും അഭിപ്രായപ്പെട്ടിട്ടുണ്ട്.


ചിദംബരം ആം ആദ്മിക്ക് വേണ്ടി ഹാജരാകുന്നതുമായുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായിട്ടില്ല. എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് അനുകൂല വിധി നേടിക്കൊടുക്കാന്‍ നേതാക്കള്‍ കോടതിയില്‍ ഹാജരായ മുന്‍ സംഭവങ്ങളുണ്ടെന്നാണ് ആം ആദ്മിയുടെ നിലപാട്.