തൂത്തുക്കുടി: തമിഴ്​​നാട്ടിലെ തൂത്തുക്കുടിയില്‍ സ്​റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്‍റിനെതിരായ സമരത്തില്‍ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ 8 പേർ മരിച്ചു. സംഘര്‍ഷത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വേദാന്ത സ്​റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്‍റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മാസങ്ങളായി തൂത്തുക്കുടിയിൽ നടത്തിവന്നിരുന്ന സമരമാണ് ഇന്ന് അക്രമ സംഭവങ്ങളിലും വെടിവെപ്പിലും കലാശിച്ചത്. പ്ലാന്‍റ്​ പ്രവര്‍ത്തിക്കുന്നതു മൂലം പ്ര​ദേശത്തെ വെള്ളം മലിനമാകുന്നുവെന്നായിരുന്നു ​ നാട്ടുകാരുടെ ആരോപണം.


പ്ലാന്‍റിലേക്ക് പ്രതിഷേധക്കാർ നടത്തിയ മാർച്ചോടെയാണ് സംഘർഷത്തിന് തുടക്കം. മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ പോലീസിനും വാഹനങ്ങളും നേരെ കല്ലെറിഞ്ഞു. ലാത്തിച്ചാർജും കണ്ണീര്‍ വാതകവും പ്രയോഗിച്ച ശേഷമാണ് പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പുണ്ടായത്. തൂത്തുക്കുടി കളക്ട്രേറ്റ് വളപ്പിൽ കിടന്ന വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. 


സ്ഥിതിഗതികൾ കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങിയതോടെ സമീപ ജില്ലകളിൽ നിന്നും കൂടുതൽ പോലീസ് സംഘത്തെ തൂത്തുക്കുടിയിലേക്ക് വിളിപ്പിച്ചു. രണ്ടായിരത്തോളം അധികം പോലീസുകാരെയാണ് തൂത്തുക്കുടിയിൽ ഇപ്പോൾ നിയോഗിച്ചിരിക്കുന്നത്. 


ഹൈക്കോടതി ഉത്തരവ്​ പ്രകാരം പ്ലാന്‍റിന്​ സംരക്ഷണം നല്‍കാന്‍ പ്രദേശത്ത്​ നിരോധനാജ്​ഞ പ്രഖ്യാപിച്ചിരുന്നു​. അതിനാല്‍ പ്ലാന്‍റിലേക്കുള്ള​ മാര്‍ച്ചിന്​ അനുമതി നല്‍കാനാകില്ലെന്ന്​ പൊലീസ്​ മുന്നറിയിപ്പ്​ നല്‍കിയിരുന്നു. മാര്‍ച്ച്‌​ നടത്തിയ സമരക്കാരെ പ്ലാന്‍റിലേക്ക്​ കടക്കാതിരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്​ഥര്‍ തടഞ്ഞതാണ്​ പ്രകോപനത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്‌.