ജന്മദിനാഘോഷ വേളകളില്‍ മെഴുകുതിരി കത്തിക്കുന്നതും കേക്ക് മുറിക്കുന്നതും ഹിന്ദുക്കള്‍ ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജന്മദിനത്തില്‍ നല്ല സ്വാദിഷ്ടമായ ഭക്ഷണം തയാറാക്കുകയും ജനങ്ങള്‍ക്ക് മധുരം വിതരണം ചെയ്യുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. മെഴുകുതിരികള്‍ക്ക് പകരം മണ്‍ചിരാതുകള്‍ കത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 


കൂടാതെ, ക്ഷേത്രത്തില്‍ പോയി ഭഗവാന്‍ ശിവനെയും കാളി മാതാവിനെയും പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. 


സനാതന ധര്‍മ്മ൦ കാത്തു സൂക്ഷിക്കുന്നതിനായി കുട്ടികളെ രാമായണം, ഗീത, ഹനുമാന്‍ ചാലിസ എന്നിവ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 


സനാതന ധര്‍മ്മവും മൂല്യങ്ങളും കാത്ത് സൂക്ഷിക്കുമെന്ന് കാളിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.


ക്രിസ്ത്യന്‍ മിഷണറികളുടെ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ഹിന്ദു ആചാരങ്ങള്‍ക്ക് പകരം ക്രിസ്ത്യന്‍ രീതികള്‍ പഠിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 


കൂടാതെ, ക്രിസ്ത്യന്‍ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ കുടുമ കെട്ടാനോ തിലകക്കുറി അണിയാനോ തയ്യാറാകുന്നില്ലെന്നും ഗിരിരാജ് സിങ് ആരോപിച്ചു.


ലോകത്തെവിടെയും അഭയം ലഭിക്കാത്ത ഹിന്ദുക്കള്‍ക്ക് മോദിയും അമിത് ഷായും ഭരിക്കുന്ന ഇന്ത്യയിലേക്ക് വരാമെന്ന് ഗിരിരാജ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 


പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മതപരമായ വിവേചനം നേരിടുന്ന മുസ്ലീം ഇതര വിശ്വാസികള്‍ക്ക് പൗരത്വം നല്‍കാന്‍ ഉദ്ദേശിക്കുന്ന പൗരത്വ ഭേദഗതി ബില്‍ നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നുണ്ട്. ഇത് പരോക്ഷമായി പരാമര്‍ശിച്ചാണ് മന്ത്രിയുടെ പരാമര്‍ശം.