ന്യൂഡല്‍ഹി: സുനന്ദ പുഷ്​കറിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നീട്ടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജാമ്യാപേക്ഷയില്‍ ഇന്ന് വാദം നടന്നിരുന്നുവെങ്കിലും വിധി പറയുന്നത് കോടതി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. ജൂലൈ 7നാണ് തരൂരിന് കോടതിയില്‍ ഹാജരാകേണ്ടത്. 



സുനന്ദയുടെ മരണം സംബന്ധിച്ച കേസില്‍ തരൂരിനെ കുറ്റാരോപിതനാക്കിക്കൊണ്ടുള്ള സമന്‍സ് കഴിഞ്ഞ വെള്ളിയാഴ്ച്ച കോടതി പുറപ്പെടുവിച്ചിരുന്നു. കുറ്റപത്രം സൂക്ഷമായി പരിശോധിച്ച കോടതി തരൂരിനെതിരെ ക്രൂരതയ്ക്കും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുക്കാന്‍ തക്കതായ തെളിവുകള്‍ കുറ്റപത്രത്തില്‍ ഉണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. 


ഏകദേശം 3,000 പേജുകളുള്ള കുറ്റപത്രത്തില്‍ ശശി തരൂര്‍ മാത്രമാണ് കുറ്റാരോപിതന്‍. അതുകൂടാതെ, വേലക്കാരന്‍ നാരായണ്‍ സിംഗ് മുഖ്യ ദൃക്സാക്ഷിയുമാണ്‌. 


10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 306 (പ്രേരണക്കുറ്റം),  (ഗാര്‍ഹിക പീഡനം) വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. സുനന്ദ മരണത്തിന് മുന്‍പ് തരൂരിന് ഇമെയിലില്‍ അയച്ച കവിതയില്‍ ജീവിക്കാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞതായി കുറ്റപത്രത്തിലുണ്ട്. സുനന്ദയുടെ മരണം കൊലപാതകമല്ല, ആത്മഹത്യയാണെന്നും പാട്യാല കോടതിയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട്‌ ധര്‍മ്മേന്ദര്‍ സിംഗിന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്.


2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലിലെ മുറിയില്‍ സുനന്ദ പുഷ്‌കറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.