ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറെ മരിച്ച നിലയിൽ കണ്ടെത്തിയ മുറി ഹോട്ടല്‍ ലീല പാലസിന് തുറന്നു കൊടുക്കാന്‍ ഡല്‍ഹി പൊലീസിന് പട്യാല ഹൗസ് കോടതിയുടെ നിര്‍ദേശം. ഒക്ടോബര്‍ 16നകം തുറന്നു കൊടുക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുനന്ദ പുഷ്‌കറിന്‍റെ മരണത്തിന് ശേഷം 2015 ൽ സീൽ ചെയ്ത 345-ാം നമ്പര്‍ മുറിയിൽ നിന്ന് നാളിതു വരെയും തെളിവുകൾ ശേഖരിച്ചിട്ടില്ലെന്ന് കാണിട്ട് ഹോട്ടൽ ലീല പാലസ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് സെപ്റ്റംബറില്‍ മുറിയില്‍ ഡല്‍ഹി പൊലീസ് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. 


തെളിവുകൾ ശേഖരിച്ച് നാലാഴ്ചക്കകം സീൽ ചെയ്തിരിക്കുന്ന മുറി തുറന്നു കൊടുക്കണമെന്ന് കോടതി ജൂലായിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും തെളിവെടുപ്പ് വൈകുകയായിരുന്നു. 2014 ജനുവരി 17 നാണ്  എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കറിനെ ഹോട്ടൽ ലീല പാലസിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുനന്ദ പുഷ്‌കറിന്‍റെ മരണം കൊലപാതകമാണെന്ന കണ്ടെത്തലിനെ തുടർന്ന് 2015 ല്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെട്ടു. അതിനു ശേഷമാണ് ഹോട്ടൽ മുറി ഡൽഹി പോലീസ് സീൽ ചെയ്തത്. 


രണ്ടു വർഷമായി ആ മുറി അടച്ചിട്ടതു മൂലം ഹോട്ടലിന് വലിയ നഷ്ടം സംഭവിച്ചതായി ലീല പാലസ് അധികൃതർ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഏകദേശം 50 ലക്ഷത്തോളം രൂപയാണ് വാടക ഇനത്തിൽ ഹോട്ടലിന് നഷ്ടം സംഭവിച്ചത്.