കടല്‍കൊലക്കേസ്: പ്രതി ഇറ്റാലിയൻ നാവികന് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കി സുപ്രീംകോടതി
ന്യൂഡൽഹി∙ കടൽക്കൊലക്കേസ് പ്രതിയായ ഇറ്റാലിയൻ നാവികന് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കി സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ പി.സി പന്തും ഡി.വൈ ചന്ദ്രചൂഡും കടല്‍ക്കൊല കേസ് രാജ്യാന്തര ട്രൈബ്യൂണലില്‍ തീര്‍പ്പാക്കുന്നതുവരെ ഇറ്റലിയിലേക്ക് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നാവികൻ സാല്‍വത്തോറെ ജിറോ നല്‍കിയ ഹർജി പരിഗണിക്കവെയാണ് ഇറ്റാലിയന്‍ നാവികന് മടങ്ങാന്‍ അനുവാദം നല്‍കിയത്.
ഇന്ത്യയും ഇറ്റലിയും തമ്മിലെത്തിച്ചേര്‍ന്ന രാജ്യാന്തര ധാരണയുടെ അടിസ്ഥാനത്തിലാണ് കേരള ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥകളില്‍ ഇളവു നല്‍കി നാട്ടിലേക്ക് വിടണമെന്ന ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഉത്തരവിട്ടത്.
ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് മറ്റൊരു പ്രതിയായ ലത്തോറെ മാസിമിലാനോ നേരത്തെ ഇറ്റലിയിലേക്ക് പോയിരുന്നു. ഇപ്പോള്‍ കസ്റ്റഡിയില്‍ കഴിയുന്ന ജിറോണിനെ സുപ്രീംകോടതി നിര്‍ദേശപ്രാകരം ജയില്‍മോചിതനാക്കി ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു.