ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന 'നീറ്റ്​' ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി.കേരളം ,തമിഴ്നാട്,ആന്ധ്ര പ്രദേശ്‌ ,തെലങ്കാന,ഗുജറാത്ത് ,മഹാരാഷ്ട്ര ,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളെ നീറ്റ് പരീക്ഷയില്‍ നിന്ന്‍ ഈ വര്‍ഷം ഒഴിവാക്കുന്ന   ഓര്‍ഡിനന്‍സിനെതിരെ ആനന്ദ് റായ് എന്നയാൾ നൽകിയ പരാതിയാണ് കോടതി തള്ളിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യുന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക ഉണ്ടാക്കാൻ ഇടയാക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.ജസ്റ്റിസ് പ്രഫുല്ല സി പന്ത് , ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡന്‍ തുടങ്ങിയവര്‍ അടങ്ങിയ വെക്കേഷന്‍ ബെഞ്ചാണ് ഹരജിയില്‍ വാദം കേട്ടത് .


മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശത്തിനുള്ള ദേശീയ പ്രവേശ പരീക്ഷ (നീറ്റ്)യില്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ ഇളവു നല്‍കുന്ന ഓര്‍ഡിനന്‍സിൽ കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഒപ്പുവെച്ചത്. ജൂലൈ 24ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷക്ക് അപേക്ഷ ക്ഷണിച്ച സാഹചര്യത്തിലാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. ഒന്നാംഘട്ട പരീക്ഷ മെയ് ആദ്യം പൂർത്തിയാക്കിയിരുന്നു