ന്യൂഡൽഹി: തിരുപ്പതി ലഡ്ഡു വിവാദത്തില്‍ ആന്ധ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ലഡ്ഡുവിൽ മൃഗക്കൊഴുപ്പുണ്ടെന്ന ലാബ് റിപ്പോർട്ട് പുറത്തുവിട്ടതിന് കോടതി വിമർശിച്ചു. മതവും രാഷ്ട്രീയവും തമ്മിൽ  കൂട്ടിക്കുഴക്കരുത്. ദൈവങ്ങളെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമാണ് ഹർജി നല്‍കിയത്. ജസ്റ്റിസ് ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

'ഏകപക്ഷീയമായുണ്ടാക്കിയ ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രസാദത്തില്‍ വിഷാംശം അടങ്ങിയിട്ടുണ്ടെന്നും, മാലിന്യം അടങ്ങിയിട്ടുണ്ടെന്നും അത് അശുദ്ധമാണെന്നും പ്രഖ്യാപിക്കാന്‍ എങ്ങനെയാണ് ഭരണഘടനാ പദവി വഹിക്കുന്ന മുഖ്യമന്ത്രിക്ക് സാധിക്കുന്നത്. ഏകപക്ഷീയമായ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിച്ചോ? ഇത് ഭക്തരുമായി ബന്ധപ്പെട്ട വൈകാരിക വിഷയമാണ്. ഇത്തരം വിഷയത്തെ കുറിച്ച് പറയുമ്പോള്‍ മുഖ്യമന്ത്രി ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും അതുണ്ടായില്ലെന്നും,' സുപ്രീം കോടതി നിരീക്ഷിച്ചു.


അന്വേഷണത്തിന് ഉത്തരവിട്ട ശേഷം റിപ്പോര്‍ട്ട് വരും മുന്‍പ് എന്തിനാണ് മാധ്യമങ്ങളെ കണ്ടത്, ഉറപ്പില്ലാത്ത ഒരു കാര്യം എങ്ങനെ പരസ്യമായി പറഞ്ഞുവെന്നും കോടതി ആരാഞ്ഞു. എസ്ഐടി അന്വേഷണം കൊണ്ടെന്താണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. ലാബ് റിപ്പോര്‍ട്ടില്‍ പ്രഥമദൃഷ്ട്യാ അശുദ്ധമായ നെയ്യ് ഉപയോഗിച്ചതായി കാണിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.


അതേസമയം ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണവുമായി ഇനി മുന്നോട്ട് പോകാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ കോടതി അന്വേഷണം തടഞ്ഞുവെച്ചു. സംസ്ഥാനം നിയോഗിച്ച എസ്‌ഐടി അന്വേഷണം തുടരണമോ അതോ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണമോ എന്ന് അറിയിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് കേസ് വീണ്ടും പരിഗണിക്കും.