ന്യൂഡല്‍ഹി: ബിജെപി എംപി മനോജ് തിവാരിയ്ക്ക് കോടതിയലക്ഷ്യ നോട്ടീസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുപ്രീംകോടതി സീല്‍ ചെയ്ത കെട്ടിടത്തിന്‍റെ പൂട്ട് തകര്‍ത്തതിനാണ് എം.പിയും ബി.ജെ.പി ഡല്‍ഹി അദ്ധ്യക്ഷനുമായ  മനോജ് തിവാരിയ്ക്ക് കോടതിയലക്ഷ്യ നോട്ടീസ്. ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, എസ് അബ്ദുല്‍ നാസര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്.


സെപ്തംബര്‍ 25ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. പരമോന്നതകോടതിയുടെ നടപടി ജനപ്രതിനിധി തടസപ്പെടുത്തുന്നത് നിര്‍ഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു. 


കൂടാതെ, മനോജ് തിവാരി പൂട്ട് തകര്‍ക്കുന്നതിന്‍റെ വീഡിയോ മുതിര്‍ന്ന അഭിഭാഷകനും അമിക്കസ്‌ക്യൂറിയുമായ രഞ്ജിത് കുമാര്‍ ഹാജരാക്കിയിരുന്നു.


രാജ്യതലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന്‍ വടക്ക്-കിഴക്കന്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം അനധികൃതമാണെന്ന് കണ്ടെത്തി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സീല്‍ ചെയ്തിരുന്നു. ഈ കെട്ടിടത്തിന്‍റെയാണ് മനോജ്‌ തിവാരി പൂട്ട്‌ തകര്‍ത്തത്. 


മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ പരാതി പ്രകാരം നേരത്തെ തിവാരിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.