ന്യൂഡല്‍ഹി: 2018ലെ SC/ST പീഡന നിരോധനനിയമം നിലനിൽക്കുമെന്ന് സുപ്രീംകോടതി


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ, FIR രജിസ്റ്റർ ചെയ്യാൻ മുതിർന്ന ഉദ്യോഗസ്ഥന്‍റെ അനുമതി വേണ്ടായെന്നും കേസുകളില്‍ മുൻകൂർ ജാമ്യത്തിന് അർഹതയില്ലെന്നും SC/ST  നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ശരിവച്ചുകൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി.


2018ലെ പട്ടിക ജാതി-പട്ടിക വർഗ പീഡന നിരോധന നിയമത്തിന്‍റെ ഭാഗമായുള്ള ചട്ടങ്ങള്‍ അതേപടി നിലനില്‍ക്കുമെന്നാണ് സുപ്രീംകോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പീഡനം നടന്ന്, കേസ് എടുക്കുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം വേണം എന്നൊരു നിബന്ധനയുണ്ടായിരുന്നു. ഇതിന്‍റെ ആവശ്യമില്ല. ആരാണോ പ്രതി അയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.


ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍, രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ചാണ് ഈ നിയമഭേദഗതി ശരിവെച്ചത്. പട്ടിക വിഭാഗക്കാരോടുള്ള അതിക്രമം തടയല്‍ നിയമം ദുര്‍ബലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്.


പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരമുള്ള പരാതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രാഥമികാന്വേഷണം കൂടാതെ ഉടനടി അറസ്റ്റു ചെയ്യരുതെന്നാണ് 2018 മാര്‍ച്ച്‌ 20ന് സുപ്രീംകോടതി വിധിച്ചത്. ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന അവസ്ഥയുണ്ടാകരുതെന്നും സുപ്രീംകോടതി വിധിച്ചു. പട്ടികജാതി, പട്ടികവര്‍ഗ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി.


ഇതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമുയര്‍ന്നതോടെ കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരികയായിരുന്നു.