നായ്‌പായ്തവ്: റോഹിങ്ക്യന്‍ വിഷയത്തില്‍ രാജ്യാന്തര സമൂഹത്തിന്‍റെ ചോദ്യങ്ങളെ ഭയക്കുന്നില്ലെന്ന് മ്യാൻമർ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാൻ സൂകി. റോഹിങ്ക്യന്‍ പ്രശ്നത്തിന് ശേഷം ഇതാദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സൂകി. എല്ലാ മനുഷ്യാവകാശലംഘനങ്ങളെയും നിയമലംഘന പ്രവർത്തനങ്ങളെയും അപലപിക്കുന്നുവെന്നു പറഞ്ഞ സൂകി അക്രമ സംഭവങ്ങളിൽ അതീവ ദു:ഖമുണ്ടെന്നും കൂട്ടിച്ചേർത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രശ്നത്തില്‍ അന്താരാഷ്ട്രതലത്തില്‍ മ്യാന്മര്‍ സര്‍ക്കാരിനും തനിക്കുനേര്‍ക്കും ഉയരുന്ന പ്രതിഷേധത്തെ കാര്യമാക്കുന്നില്ലെന്ന് വ്യക്തമാക്കിയ സൂകി, സങ്കീര്‍ണമായ റോഹിങ്ക്യന്‍ വിഷയം പരിഹരിക്കുന്നതിനായി ശക്തമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അറിയിച്ചു.  റോഹിങ്ക്യന്‍ വംശജര്‍ അധിവസിക്കുന്ന റാഖിന്‍ സംസ്ഥാനത്തെ വിഷയം ഏറെ സങ്കീര്‍ണമാണെന്ന് സൂക്കി പറഞ്ഞു. ആരെയും ആട്ടിയോടിക്കാനോ അഭയാര്‍ത്ഥികളാക്കാനോ അനുവദിക്കില്ല. പ്രശ്നപരിഹാരത്തിന് ചര്‍ച്ചകള്‍ നടത്താനായി മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നനെ ക്ഷണിച്ചിട്ടുണ്ട്. മാത്രമല്ല പ്രശ്നപരിഹാരത്തിനായി പ്രത്യേക സമിതിക്ക് മ്യാന്മാര്‍ സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടെന്നും സൂകി വ്യക്തമാക്കി. മതവിശ്വാസത്തിന്‍റെയോ വംശത്തിന്‍റെയോ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും സൂകി പറഞ്ഞു.


റോഹിങ്ക്യകള്‍ക്ക് രാജ്യം വിടേണ്ടിവരുന്ന അവസ്ഥ ഉത്കണ്ഠയുണ്ടാക്കുന്നതാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് പരിശോധിക്കും. പലായനം ചെയ്ത ജനങ്ങളുമായി കൂടിക്കാഴ്ചയ്ക്കും ആഗ്രഹമുണ്ട്. സമാധാനവും സുസ്ഥിരതയും തിരികെ കൊണ്ടുവരാനും റോഹിങ്ക്യന്‍ വിഭാഗങ്ങളിൽ ഒത്തൊരുമ കൊണ്ടുവരാനുമുള്ള സർക്കാർ ശ്രമങ്ങൾ തുടരുമെന്നും സൂചി പറഞ്ഞു. വംശഹത്യയുടെ പേരിൽ മ്യാൻമറിന് ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തുകയും രാജ്യാന്തര സമ്മർദം ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഓങ് സാൻ സൂകിയുടെ ഇടപെടൽ. പ്രശ്നപരിഹാരത്തിനു സൂകിയ്ക്ക് ഇത് അവസാന അവസരമാണെന്നു യുഎ‍ൻ നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു.