ന്യൂഡല്‍ഹി: ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്ന പക്ഷം കോവിഡിന്റെ മൂന്നാംതരംഗത്തെ തടയാനാകുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ അഡ്വൈസർ കെ. വിജയരാഘവന്‍. ഡല്‍ഹിയില്‍ ആരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ രാജ്യത്ത് ഒരിടത്തും കോവിഡ് മൂന്നാംതരംഗം സംഭവിക്കാതിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രാദേശികതലം, ജില്ലകള്‍, സംസ്ഥാനങ്ങള്‍ തുടങ്ങി എല്ലായിടത്തും എത്രത്തോളം ഫലപ്രദമായി പ്രതിരോധം നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മൂന്നാം തരം​ഗത്തിനെതിരെയുള്ള വിജയമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗം തീര്‍ച്ചയായും സംഭവിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 


ALSO READ: 


അതേസമയം മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട്, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍, ഹരിയാന, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകൾ വളരെ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ആരതി അഹൂജ പറഞ്ഞു. 18-നും 44-നും ഇടയില്‍ പ്രായമുള്ള 11.81 ലക്ഷം പേര്‍ക്ക് ഇതിനോടകം കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് നല്‍കി. 16.50 കോടി ഡോസ് വാക്‌സിനാണ് ഇതുവരെ എല്ലാ വിഭാഗത്തിലും പെട്ടവര്‍ക്കായി നല്‍കിയതെന്നും ആരതി കൂട്ടിച്ചേര്‍ത്തു.


അതേസമയം, കൊവി‍ഡ് രണ്ടാംതരം​ഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള മാർ​ഗരേഖയിൽ കേന്ദ്രം ഇളവ് അനുവദിച്ചു. ​ഗർഭിണികളും അം​ഗപരിമിതരും ഓഫീസിൽ വരേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പകരം അവർ വീടുകളിലിരുന്ന് ജോലി ചെയ്താൽ മതി. വിവിധ മന്ത്രാലയങ്ങളിലേയും വിവിധ വകുപ്പുകളിലേയും സെക്രട്ടറിമാർ ഓഫീസിൽ ജീവനക്കാർ എത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കണം. അണ്ടർ സെക്രട്ടറി മുതൽ താഴെത്തട്ടിലുള്ള ജീവനക്കാർ വരെയുള്ള വിഭാത്തിൽ 50 ശതമാനം ആളുകൾ ഓഫീസിൽ എത്തിയാൽ മതിയെന്നും കേന്ദ്രസർക്കാർ അറിയിച്ചു.