ചെന്നൈ: മെഡിക്കൽ പ്രവേശനം കിട്ടാതിരുന്ന ദളിത് പെൺകുട്ടി അനിതയുടെ ആത്മഹത്യയെത്തുടര്‍ന്ന് തമിഴ്നാട്ടിലെ വിവിധ  കേന്ദ്രങ്ങളില്‍ പ്രതിഷേധം. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍  വിസമ്മതിച്ചു. പെരന്പലൂര്‍, അരിയലൂര്‍ ജില്ലകളില്‍ ഒരു വിഭാഗം ഹര്‍ത്താലിന് ആഹ്വാനം നല്‍കി.  അതേസമയം, അനിതയുടെ കുടുംബത്തിന് ഏഴ് ലക്ഷംരൂപ നൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അരിയല്ലൂർ ജില്ലയിലെ കുഴുമുറൈ സ്വദേശി ഷൺമുഖത്തിന്‍റെ മകൾ അനിതയാണ് മെഡിക്കല്‍ പ്രവേശനം ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് ജീവനൊടുക്കിയത്. അനിത പ്ലസ്ടുവിന് 1200 ല്‍ 1176 മാര്‍ക്ക് വാങ്ങിയിരുന്നു. എന്നാൽ നീറ്റ് പരീക്ഷയിൽ മികച്ച സ്കോർ നേടാൻ അനിതയ്ക്ക് കഴിഞ്ഞിരുന്നില്ല. 720ൽ 86 ആയിരുന്നു അനിതയ്ക്ക് ലഭിച്ച സ്കോർ. നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി വരെ അനിതയുടെ നിയമപോരാട്ടം നീണ്ടു. നീറ്റ് ചോദ്യപേപ്പര്‍ സി.ബി.എസ്.സി അടിസ്ഥാനത്തിലുളളതാണെന്നും സ്റ്റേറ്റ് സിലബസ് വിദ്യാര്‍ഥികള്‍ക്ക് ഇത് താങ്ങാനാവില്ലെന്നും അനിത സുപ്രീം കോടതിയെ ബോധിപ്പിച്ചിരുന്നു. അനിതയുൾപ്പെട്ട വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി പരിഗണിച്ച് നീറ്റ് ഫലം താൽക്കാലികമായി മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നുവെങ്കിലും സുപ്രീംകോടതിയുടെ അന്തിമ വിധി തമിഴ്നാടിന് എതിരായി. നീറ്റ് സ്കോർ പരിഗണിച്ചു മാത്രമേ പ്രവേശനം നടത്താവൂ എന്നും തമിഴ്നാടിന് മാത്രമായി ഇളവ് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. 


അനിതയുടെ മരണത്തിന് ഉത്തരവാദികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണെന്ന് ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്‍റ് എം.കെ. സ്റ്റാലിന്‍ ആരോപിച്ചു. അനിതയുടെ മരണത്തിന് ഉത്തരവാദികള്‍ ബി.ജെ.പിയാണെന്ന വിമര്‍ശനം ഉയരുന്ന ഈ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ ബി.ജെ.പി ഓഫീസുകളുടെ സുരക്ഷ ശക്തമാക്കി.  ചെന്നൈയില്‍ ഇടതുപാര്‍ട്ടികളും വിവിധ വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.  തമിഴ്നാട്ടിൽ ആഹ്വാനം ചെയ്ത പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി ഹർഷവർദ്ധന്‍റെ തമിഴ്നാട് സന്ദർശനം മാറ്റിവച്ചു. ദേശീയ ഹരിതട്രൈബ്യൂണലിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ ചെന്നൈയിൽ എത്താനിരുന്നതായിരുന്നു കേന്ദ്രമന്ത്രി. മറ്റ് തിരക്കുകൾ ഉള്ളതിനാൽ യാത്ര റദ്ദാക്കിയെന്നാണ് വിശദീകരണം.