ചെന്നൈ: കടുത്ത പനിയെ തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ  ഇന്നലെ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് ജയലളിത. ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഹോസ്പിറ്റല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുബ്ബയ്യ വിശ്വനാഥന്‍ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

68കാരിയായ ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ആദ്യമായാണ് അധികൃതർ സ്ഥിരീകരിക്കുന്നത്. ഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രിയുമാ‍യ എം. കരുണാനിധി അടക്കമുള്ള എതിരാളികള്‍ ജയയുടെ ആരോഗ്യനിലയെകുറിച്ച് നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും യഥാർഥ വിവരം പുറത്തുവിടാൻ അണ്ണാ ഡി.എം.കെ തയാറായിരുന്നില്ല.


പലപ്പോഴും ഓഫീസിലെത്താതെ ഔദ്യോഗിക വസതിയിൽ ഇരുന്നു കൊണ്ടാണ്ണ് ജയലളിത ജോലി ചെയ്തിരുന്നത്. അരമണിക്കൂറിലധികം ഓഫിസിലുണ്ടാവാറില്ല. ഇതെല്ലാം 68കാരിയായ ജയലളിതയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുള്ള അഭ്യൂഹം ശക്തമാക്കുകയാണ്. കൂടാതെ,  കഴിഞ്ഞ മാസം നടന്ന സ്വാതന്ത്ര്യദിന ചടങ്ങിലും ക്ഷീണിതയായി കാണപ്പെട്ട അവര്‍ സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചതും സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയതും കസേരയില്‍ ഇരുന്നു കൊണ്ടാണ്.


മുന്‍മുഖ്യമന്ത്രി കരുണാനിധി അടക്കമുള്ള എതിരാളികള്‍ ജയലളിതയുടെ ആരോഗ്യനിലയെ സംബന്ധിച്ച്‌ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഭരണകക്ഷിയായ എഐഎഡിഎംകെയേയും പ്രതിരോധത്തിലാക്കുന്നുണ്ട്.


അനധികൃത സ്വത്തു സമ്പാദന കേസിൽ കോടതി പരാമർശത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ജയലളിത കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലേറുകയായിരുന്നു. ഇടക്കാലത്ത് ജയലളിതയുടെ വിശ്വസ്തൻ പനീർശെൽവമാണ് മുഖ്യമന്ത്രി സ്ഥാനം വഹിച്ചത്.