Tamil Nadu | നിർബന്ധിത മതപരിവർത്തനം, തമിഴ്നാട്ടിൽ 12ാം ക്ലാസുകാരി ജീവനൊടുക്കി, ആരോപണം നിഷേധിച്ച് പോലീസ്
മതപരിവർത്തനത്തിന് വിസമ്മതിച്ച കുട്ടിയെ കൊണ്ട് സ്കൂൾ വാർഡൻ ടോയ്ലറ്റ് വൃത്തിയാക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ ചെയ്യിപ്പിച്ചുവെന്നും ആരോപണമുണ്ട്.
ചെന്നൈ: തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് 12ാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. ക്രിസ്തുമതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് സ്‌കൂൾ അധികൃതർ പീഡിപ്പിച്ചുവെന്നാരോപിച്ചാണ് ജീവനൊടുക്കിയത്. സ്കൂളിൽ പഠനം തുടരണമെങ്കിൽ മതപരിവർത്തനം നടത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.
മതപരിവർത്തനത്തിന് വിസമ്മതിച്ച കുട്ടിയെ കൊണ്ട് സ്കൂൾ വാർഡൻ ടോയ്ലറ്റ് വൃത്തിയാക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ ചെയ്യിപ്പിച്ചുവെന്നും ആരോപണമുണ്ട്. സംഭവത്തെ തുടർന്ന് മനോവിഷമത്തിലായ പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോർട്ട്.
അതേസമയം നിർബന്ധിത മതപരിവർത്തനം എന്ന ആരോപണം തള്ളിയിരിക്കുകയാണ് പോലീസ്. വാർഡനും സ്‌കൂൾ അധികൃതരും മതപരിവർത്തനം നടത്താൻ ആവശ്യപ്പെട്ടതായി പെൺകുട്ടിയോ മാതാപിതാക്കളോ പറഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മജിസ്‌ട്രേറ്റിനും പെൺകുട്ടി അത്തരത്തിലുള്ള മൊഴി നൽകിയിട്ടില്ല. മജിസ്‌ട്രേറ്റ് റിപ്പോർട്ടിലും നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ച് പരാമർശമില്ല. "ചിലർ സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് എസ്പി വ്യക്തമാക്കി.
Also Read: ഹൃദയം മാത്രമല്ല ഇനി പന്നിയുടെ വൃക്കകളും മനുഷ്യനിൽ പ്രവർത്തിക്കും
ജനുവരി 9 ന് രാത്രി പെൺകുട്ടി ഛർദ്ദിച്ചതിനെ തുടർന്ന് ഒരു ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്ന് ജനുവരി 15 ന് തഞ്ചാവൂർ എംസിഎച്ചിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ വച്ചാണ് കുട്ടി മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...